മടവൂർ ഗവ: എൽ പി എസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "ഭാഗ്യനിധി" സമ്മാനക്കൂപ്പണിലൂടെ സമാഹരിച്ച ഫർണിച്ചർ കേരളത്തിൻ്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഏറ്റുവാങ്ങി. സമ്മാനകൂപ്പണിലൂടെ ആറ് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ മനോഹരമായ ശിശുസൗഹൃദ ഫർണിച്ചറുകൾ സ്കൂളിന് സമ്മാനിച്ചത്.സാമൂഹിക പങ്കാളിത്തത്തിൻ്റെ മഹനീയ മാതൃകയ്ക്കാണ് മടവൂർ ഗവ:എൽ.പി.എസിൻ്റെ പൂർവവിദ്യാർഥി കൂട്ടായ്മ നേതൃത്വം നൽകിയതെന്നും പൊതുവിദ്യാഭ്യാസം കരുത്താർജ്ജിക്കാൻ സക്രിയമായ ഇത്തരം സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും ഫർണിച്ചർ ഏറ്റുവാങ്ങിയതിനുശേഷം മന്ത്രി പറഞ്ഞു.വർക്കല എം.എൽ.എ അഡ്വ. വി.ജോയിയുടെ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെഭാഗമായി സ്കൂളിന് ലഭ്യമായ ബഹുനില മന്ദിരത്തിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്റൂമുകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുപ്പത്തി മൂന്നു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രഥമധ്യാപകൻ എ. ഇക്ബാൽ, സ്കൂൾ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും "ഭാഗ്യനിധി സമ്മാനകൂപ്പൺ" വൻവിജയമാക്കാൻ
ചാലകശക്തിയാവുകയും ചെയ്ത ശ്രീ.മടവൂർ അനിൽ, ശ്രീ.സുഗതൻ, സ്കൂളിൽ ദീർഘകാലത്തെ സേവനത്തിനു ശേഷം പ്രഥമാധ്യാപകർ ആയി പ്രൊമോഷൻ ലഭിച്ച S.ഷീജ അമ്മ, S.അശോകൻ, ബിനിതകുമാരി.R തുടങ്ങിയവരെ ചടങ്ങിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ആദരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എ. എം.റാഫി സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ S.ജവാദ്, എ.ഇ.ഒ വി.എസ് പ്രദീപ് രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.