*നിഹുലിന് ശസ്ത്രക്രിയ നടത്തിയേക്കും*
അയന്തി പന്തുവിളയിൽ വീടിന് തീപിടിച്ചു ഗുരുതരാവസ്ഥയിൽ പരുക്കേറ്റ ആശുപത്രിയിൽ കഴിയുന്ന നിഹുലിനെ വെന്റിലേറ്ററിൽ നിന്നു മാറ്റുന്നതിന് മുന്നോടിയായി ശസ്ത്രക്രിയ നടത്താനുള്ള ശ്രമം തുടങ്ങി. ട്യൂബ് വഴി ഓക്സിജൻ നേരിട്ടു നൽകാനുള്ള പ്രക്രിയയുടെ ഭാഗമായാണിത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന നിഹുലിന്റെ ആരോഗ്യനില തൃപ്തികരമെന്ന സൂചനയാണ് ബന്ധുക്കൾക്ക് ഇതുവരെ ലഭിക്കുന്നത്.
*സംസ്കാര ചടങ്ങ് വൈകുമെന്നു സൂചന*
അയന്തി പന്തുവിളയിൽ കുടുംബം പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അഞ്ചു പേരുടെയും സംസ്കാരം വീണ്ടും വൈകുമെന്ന വിവരമാണ് കുടുംബാംഗങ്ങൾ നൽകുന്നത്. അപകടത്തിൽ മരിച്ച അഭിരാമിയുടെ പിതാവ് സെൻ നടേശൻ ലണ്ടനിൽ നിന്നു പുറപ്പെടാനുള്ള യാത്രാതടസ്സമാണ് കാരണമായി പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ദാരുണ സംഭവത്തിന്റെ പിറ്റേന്നു മുഴുവൻ പേരെയും കുടുംബവീട്ടു വളപ്പിൽ ഒരുമിച്ചു സംസ്കാരിക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നു.
എന്നാൽ യാത്രാതടസ്സം നേരിടുന്ന സെൻ നടേശന്റെ സന്ദേശം വന്നതോടെ അനിശ്ചിതത്വമായി. കഴിഞ്ഞദിവസം നടക്കുമെന്നു കരുതിയ ചടങ്ങുകൾ മാറ്റി വെയ്ക്കേണ്ട സാഹചര്യമുണ്ടായി. സെൻ നടേശൻ നാട്ടിലെത്താനുള്ള ശ്രമം തുടരുന്ന സാഹചര്യത്തിൽ കാത്തിരിക്കാനാണ് നിലവിലെ ബന്ധുക്കളുടെ തീരുമാനം. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.