ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക പീഡനം:പരാതിക്കാരുടെ എണ്ണം ഏഴായി

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരുടെ എണ്ണം ഏഴായി.ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.

കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയിരുന്നു. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍.യുവതികളുടെ രഹസ്യമൊഴി എടുത്തേക്കും.അതേസമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് അറിയിച്ചന്നൊണ് വിവരം.

സംഭവത്തില്‍ പ്രതിയായ കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് ഒളിവിലാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെ മീടു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വരികയായിരുന്നു.വിഷയത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര്‍ നിയമ പരാതിയുമായി രംഗത്ത് എത്തുമെന്നും യുവതികള്‍ വ്യക്തമാക്കുന്നു.

ടാറ്റു സ്റ്റുഡിയോക്ക് എതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ കഴിഞ്ഞ ദിവസം പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡിയോകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു