സമരക്കാര്‍ കാണിക്കുന്ന കുതന്ത്രങ്ങളിലൊന്നും ജനങ്ങള്‍ വീഴില്ല. കല്ലൂരിയാല്‍ വിവരം അറിയും. ഒരു സംശയവും വേണ്ട. സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിട്ടില്ല. പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയിട്ട് അവരുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ നോക്കിയില്ലേ ഇവര്. ഒരു പൊലീസുകാരന്‍ ആരെയെങ്കിലും അടിച്ചതായി കാണിക്കാമോയെന്നും മന്ത്രി ചോദിച്ചു. ബോധപൂര്‍വമായി കലാപം ഉണ്ടാക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. കലാപം ഉണ്ടാക്കി വികസനപദ്ധതിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
പദ്ധതിയെപ്പറ്റി സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏട്ടു മീറ്റിങ്ങുകളാണ് വെച്ചിരിക്കുന്നത്. നോട്ടീസ് അടിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എട്ടോ പത്തോ വീട്ടുകാരെയാണ് ഇനി ബോധ്യപ്പെടുത്താനുള്ളത്. അവരുള്‍പ്പെടെ സമരക്കാര്‍ക്കെതിരെ രംഗത്തുവരുമെന്ന് മന്ത്രി പറഞ്ഞു.
21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ പദ്ധതിക്കായി എടുക്കുന്നത്. 10 സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷന്‍ ചെങ്ങന്നൂരില്‍ വരും. നാടിന്റെ വലിയ വികസനമാണ് വരുന്നത്. ശബരിമലയുടെ ഇടത്താവളമായ ചെങ്ങന്നൂര്‍, പദ്ധതി വരുന്നതോടെ വലിയ മെട്രോപൊളിറ്റന്‍ സിറ്റിയാകും. ആ വികസനമാണ് ഞങ്ങള്‍ നോക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാല്‍ പിന്നെ കോണ്‍ഗ്രസ് ഒരിക്കലും നിലം തൊടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.