ഒരു സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ഇതിനായി സംരംഭകന് വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിരുന്നു. വ്യവസായ വകുപ്പ് കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം നടപ്പാക്കിയതോടെ സംരംഭകന് കേരളത്തിൽ സുഗമമായി സ്ഥാപനം ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു.
സംസ്ഥാന, ജില്ല, വ്യവസായ പാർക്ക് തലങ്ങളിൽ ഏകജാലക ക്ലിയറൻസ് ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്.
നിക്ഷേപകരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സംരഭകത്വ പ്രോത്സാഹന സഹായ സെൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്നു. അഗ്‌നിശമനസേന, തൊഴിൽ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വൈദ്യുതി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണ ബോർഡ്, വനം, നഗരാസൂത്രണം, ഖനനം-ഭൂമിശാസ്ത്രം, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് തുടങ്ങി വകുപ്പുകളുടെ സേവനമാണ് സംരംഭകന് കെ-സ്വിഫ്റ്റ് വഴി നൽകി വരുന്നത്.
kswift.kerala.gov.in എന്ന വെബ്സൈറ്റിൽ സംരംഭകർക്ക് സ്വന്തമായി ലോഗിൻ ഐഡി ഉണ്ടാക്കി സർട്ടിഫിക്കറ്റുകളും രേഖകളും മറ്റും അപ്ലോഡ് ചെയ്ത് വിവിധ വകുപ്പുകളുടെ അനുമതി നേടാവുന്നതാണ്.
സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങൾ എന്ന വിഭാഗത്തിന്റെ നിക്ഷേപ പരിധി 10 കോടിയിൽ നിന്നും 50 കോടി ആയി ഉയർത്തിയതിനെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി കെ-സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് തയ്യാറാക്കി.
നേരത്തെ 10 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽപെടാത്തതുമായ സംരംഭങ്ങൾക്കാണ് കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം നൽകിയിരുന്നത്.
.