മീഡിയ വണ്‍ വിലക്കിന് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ; സംപ്രേഷണത്തിന് അനുമതി

ന്യൂഡൽഹി • മീഡിയ വൺ ചാനലിന്റെ പ്രവർത്തനം വിലക്കിയ കേന്ദ്ര സർക്കാർ നടപടി തടഞ്ഞു സുപ്രീം കോടതി. കേന്ദ്ര നടപടി സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. നേരത്തെ മീഡിയ വൺ ചാനലിന്റെ വിലക്ക് നടപടികൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ രേഖാമൂലം അറിയിച്ചിരുന്നു.'രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ല.ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടതാണ്. സുരക്ഷാ അനുമതി നൽകണമെന്ന് ആഭ്യന്തര മന്താലയത്തെ നിർബന്ധിക്കാനാവില്ല'-വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.'മീഡിയ വൺ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചാനൽ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമ നടപടികൾ തന്നെയാണ് കേന്ദ്രം സ്വീകരിച്ചത്. 'ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000, സെക്ഷൻ 69 (എ) പ്രകാരം നിരോധനം ഏർപ്പെടുത്താൻ നിയമ പിന്തുണയുണ്ട്'- അനുരാഗ് പറഞ്ഞു.