മാണി സി.കാപ്പൻ തിരികെ എൻസിപിയിലേക്ക്?; മന്ത്രിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചെന്നു സൂചന

തിരുവനന്തപുരം• യുഡിഎഫ് പിന്തുണയോടെ പാലായിൽ വിജയിച്ച മാണി സി.കാപ്പൻ എംഎൽഎ എൻസിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നു സൂചന. വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്‍സിപിയിലേക്ക് മടങ്ങുന്നതില്‍ മാണി സി. കാപ്പനും താല്‍പര്യമുണ്ടെന്നാണ് വിവരം. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുൻകയ്യെടുത്താണ് നീക്കങ്ങളെന്നാണ് സൂചന. എന്നാൽ, പി.സി.ചാക്കോയുടെ നീക്കത്തിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ടെന്നും വിവരമുണ്ട്. പി.സി.ചാക്കോയുമായി മാണി സി. കാപ്പന്‍ പലതവണ ചര്‍ച്ചകള്‍ നടത്തി.ഇതിന്‍റെ തുടര്‍ച്ചയായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും മാണി സി. കാപ്പൻ പ്രാഥമിക ചർച്ചയും നടത്തി. മാണി സി.കാപ്പൻ മന്ത്രിയായാൽ എ.കെ.ശശീന്ദ്രൻ എൻസിപി സംസ്ഥാന അധ്യക്ഷനാകും. എ.കെ.ശശീന്ദ്രനും മറ്റൊരു എംഎല്‍എയായ തോമസ് കെ.തോമസും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വീതംവയ്ക്കുമെന്നാണ് പാര്‍ട്ടിയില്‍ നേരത്തേയുള്ള ധാരണ.കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പി.സി.ചാക്കോയ്ക്ക് ലഭിക്കാന്‍ ശരദ് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്ന മറുപടിയാണ് യച്ചൂരി പവാറിന് നല്‍കിയത്. ചാക്കോയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനുമായും ശരദ് പവാര്‍ സംസാരിച്ചേക്കും.എന്‍സിപിക്ക് രാജ്യസഭ സീറ്റ് കിട്ടിയാല്‍ എ.കെ.ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കുകയും പകരം കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുക എന്ന നിലപാടാണ് പി.സി.ചാക്കോ അനുകൂലികളായ നേതാക്കള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാണ്. മാണി സി. കാപ്പനെ തിരികെ എത്തിക്കുന്നതിനെക്കുറിച്ച് സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എന്തു പറയുന്നു എന്നതും പ്രധാനമാണ്.പാലായിൽ ‌എൽഡിഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് മാണി സി.കാപ്പൻ എൻസിപി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.