കഴക്കൂട്ടത്ത് കാറില്‍ എസ്എഫ്ഐ നേതാവിന്‍റെ ബൈക്കിടിച്ചു; എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും നേതാവിന്‍റെ മർദ്ദനം

വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിനെതിരെ ഇവര്‍ കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിന്‍റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തർക്കമായി. ആദിത്യത്തിന്‍റെ അച്ഛൻ മനു മാധവനും ഇതിനോടകം സ്ഥലത്തെത്തി. ബൈക്ക് യാത്രക്കാരന്‍റെ പേരു ചോദിച്ചതോടെ ആദര്‍ശ് ഇവരോട് തട്ടിക്കറി. വാക്കു തർക്കത്തിന് ശേഷം പോയ ആദർശ് മറ്റ് ചിലരെയും കൂട്ടിവന്നുവെന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇതിനുശേഷമാണ് കൈയിലിരുന്ന താക്കോൽ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചത്. മനുവും തിരിച്ചാക്രമിച്ചു.