വിതുര : വിതുര ആദിവാസിമേഖലകളിൽ വീണ്ടും പുലിയിറങ്ങി ഭീതി പരത്തുന്നു. കല്ലാർ, മൊട്ടമൂട് ചാത്തൻകോട്, ചെമ്മാംകാല ആദിവാസിമേഖലകളിലാണ് പുലിയുടെ സാന്നിദ്ധ്യമുള്ളത്.
രാത്രിയിൽ എത്തി ആദിവാസികൾ വളർത്തുന്ന നായ്ക്കളെ പിടികൂടി ഭക്ഷിക്കുകയാണ് പതിവ്
. പുലിയിറങ്ങിയതോടെ നായ്ക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കല്ലാർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വൈദ്യുതി പോസ്റ്റിനടിയിലാണ് പുലിയെ കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ ഒരു കുരങ്ങനെ ചത്തനിലയിലും കണ്ടെത്തി. കുരങ്ങിനെ പിടിക്കാൻ കയറിയ പുലി ഷോക്കേറ്റ് ചത്തതാണെന്നാണ് നിഗമനം. ചില ദിവസങ്ങളിൽ പുലി മാനിനേയും മറ്റും ഓടിച്ച് നാട്ടിൻപുറങ്ങളിൽ എത്താറുണ്ട്. പുലി ശല്യം വർദ്ധിച്ചതോടെ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ആദിവാസി വിദ്യാർത്ഥികളും പേടിയോടെയാണ് വനത്തിലൂടെ നടന്ന് സ്കൂളിൽ എത്തുന്നത്. പൊൻമുടി മേഖലയിലും പുലിയിറങ്ങി ഭീതി പരത്തുന്നുണ്ടെന്ന് എസ്റ്റേറ്റ് തൊഴിലാളികൾപറയുന്നു. പൊൻമുടിയിലെത്തിയ വിനോദസഞ്ചാരികളും പുലിയെ കണ്ടിരുന്നു. മൃഗങ്ങളെ ഓടിച്ചുകൊണ്ടുവരുന്ന പുലി ഇതുവരെ ആരേയും ആക്രമിച്ചതായി വിവരമില്ല. അതേസമയം വനാതിർത്തിയിൽ പലയിടങ്ങളിലും മൃഗങ്ങളുടെ കൊന്നിട്ടിരിക്കുന്നതായി കാണാം. മുൻപ് ചാത്തൻകോട് ചെമ്മാംകാല ആദിവാസി ഊരിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷവും അനവധി തവണ ആദിവാസിമേഖലകളിൽ പുലിയിറങ്ങി ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.