ദേവനാഥ് തന്റെ സൈക്കിളിൽ.
നെടുങ്കണ്ടം∙ സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് നാലാം ക്ലാസുകാരൻ നിവേദനവുമായി പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം ഹണി കോട്ടേജിൽ ഗ്രീഷ്മ – രാജേഷ് ദമ്പതികളുടെ മകനും എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായ ദേവനാഥ് ആർ.നായരാണ് ഇന്നലെ അപേക്ഷയുമായി സ്റ്റേഷനിലെത്തിയത്.
തന്റെ ബുക്കിൽ നിന്നെടുത്ത കടലാസിൽ പൊലീസിനു നൽകിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ–‘സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.’ കത്തു വായിച്ച പൊലീസ് നടത്തിയ അന്വേഷണത്തിൽ കഥ ഇങ്ങനെ– 3 മാസം മുൻപ് ദേവനാഥിന് അബുദാബിയിൽ നിന്നെത്തിയ അമ്മാവന്മാരാണ് വിദേശനിർമിതവും ഗിയറുള്ളതുമായ സൈക്കിൾ നൽകിയത്. ആദ്യം സൈക്കിളിൽ കയറാൻ കാൽ എത്തിയിരുന്നില്ല. ഒരു വിധത്തിൽ 3 മാസമെടുത്താണ് വീടിന്റെ പരിസരത്തുകൂടി സൈക്കിൾ ഓടിച്ചു പഠിച്ചത്. സ്കൂളിലേക്കും മറ്റും സൈക്കിളിൽ പോയാലോ എന്ന് ദേവനാഥിന് ഒരാഗ്രഹം.
അമ്മയോട് ആഗ്രഹം പറഞ്ഞതോടെ പദ്ധതി പാളി. റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞതോടെ കുട്ടി വിഷമത്തിലായി. ലൈസൻസില്ലാതെ സൈക്കിളോടിച്ചാൽ സൈക്കിൾ പൊലീസ് പിടിച്ചെടുക്കുമെന്നും വലിയ പ്രശ്നമാകുമെന്നും അമ്മ പറഞ്ഞു. അങ്ങനെയെങ്കിൽ ലൈസൻസ് എവിടെ കിട്ടുമെന്നായി ദേവനാഥ്. പൊലീസ് സ്റ്റേഷനിൽ ചെന്ന് അപേക്ഷ നൽകിയാലോ കാര്യം നടക്കൂ എന്ന് അമ്മ പറഞ്ഞു.
അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി ഇന്നലെ ഉച്ചകഴിഞ്ഞ് സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി. അപേക്ഷ വാങ്ങിയ എസ്ഐ ബിനോയ് ഏബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ മുജീബ്, പി.എം.സന്തോഷ് എന്നിവർ മിഠായി നൽകി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നു മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ച് അവർക്കൊപ്പം മടക്കിയയച്ചു