പ്രവീണ്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളി. ബന്ധത്തില്‍ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീണ്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. നഗരത്തിലെ ആഭരണശാലയില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രവീണിനെ ജോലിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ആദ്യഭാര്യയെ ഒഴിവാക്കി ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീണ്‍ വാഗ്ദാനം നല്‍കിയിരുന്നു. ലോക്ഡൗണിനിടെ ആരുമറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ എല്ലാവരും അറിഞ്ഞു തന്നെ വിവാഹം കഴിക്കാന്‍ തയാറാകാതിരുന്നതോടെ വിവാഹചിത്രം ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതാണ് പ്രവീണിനെ പ്രകോപിപ്പിച്ചത്. നഗരത്തിലെ പള്ളിയില്‍ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിലേക്കെത്താനുണ്ടായ കാരണമെന്ന് പ്രവീണ്‍ പൊലീസിന് മൊഴി നല്‍കി.
വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയില്‍ നിന്ന് പ്രവീണ്‍ തന്നെയാണ് ഗായത്രിയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലില്‍ മുറിയെടുത്തു. പ്രവീണ്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പിന്നീട് മുറി പൂട്ടി കൊല്ലത്തേക്ക് പോയി. പിന്നീട് ഹോട്ടലില്‍ വിളിച്ച് പ്രവീണ്‍ തന്നെയാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.