"കള്ളനോട്ട് വിതുരയിൽ നാലുപേർ അറസ്റ്റിൽ*

*കള്ളനോട്ട് കേസിൽ പിടിയിലായവർ പോലീസുകാർക്കൊപ്പം*
500-ന്റെ 81 നോട്ടുകൾ
നോട്ടുകൾ എത്തിയത് ബിവറേജസ് ഔട്ട്‌ലെറ്റിൽ
വിതുര: വിതുര ബിവറേജസ് ഔട്ട്‌ലെറ്റ് കൗണ്ടറിൽ കഴിഞ്ഞ ദിവസം കള്ളനോട്ടുകൾ എത്തിയതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽ നാലുപേർ പിടിയിൽ.
പൊന്മുടി കുളച്ചിക്കര എസ്റ്റേറ്റ് തൊഴിലാളികളും ലയങ്ങളിലെ താമസക്കാരുമായ സനു, തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരെയാണ് വിതുര പോലീസ് പിടികൂടിയത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 500 രൂപയുടെ 81 കള്ളനോട്ടുകളും പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ വിതുര പൊന്മുടിപ്പാതയിൽ കെ.പി.എസ്.എം. ജങ്ഷനു സമീപത്തെ ഔട്ട്‌ലെറ്റിലാണ് കള്ളനോട്ടുകൾ എത്തിയത്. മദ്യം വാങ്ങാനെത്തിയ കുളച്ചിക്കര സ്വദേശി സനു നാല് 500 രൂപ നോട്ടുകൾ കൗണ്ടറിൽ കൊടുക്കുകയായിരുന്നു. കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ വിതുര പോലീസിനെ വിവരമറിയിച്ചു.

ചോദ്യം ചെയ്യലിൽ സുഹൃത്ത് തങ്കയ്യനാണ് നോട്ടുകൾ നൽകിയതെന്ന് സനു പോലീസിനോടു പറഞ്ഞു. തുടർന്ന് പോലീസ് പൊന്മുടി കുളച്ചിക്കരയിലെത്തിയ പോലീസ് തങ്കയ്യനെ ചോദ്യം ചെയ്തു. ഇയാളുടെയും സുഹൃത്ത് രമേശന്റെയും വീട്ടിൽ പരിശോധന നടത്തിയതിൽ 500-ന്റെ 77 നോട്ടുകൾ കൂടി കണ്ടെത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽനിന്ന് തമിഴ്നാട് തൂത്തുക്കുടി സ്വദേശി മുത്തു എന്ന ആളാണ് നോട്ടുകൾ നൽകിയതെന്നാണ് ലഭിച്ച വിവരം. വെള്ളിയാഴ്ച വൈകിയും അന്വേഷണം തുടരുകയാണെന്നും ശനിയാഴ്ച മാത്രമേ വിശദമായ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് പറഞ്ഞു