*ഇരട്ടക്കുഴലും രണ്ട് കാഞ്ചികളുമുള്ള നാടന്‍ തോക്ക്; സിനിമാ സ്‌റ്റൈലില്‍ ഒറ്റകൈകൊണ്ട് വെടിവെപ്പ്*

മൂലമറ്റം: ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും ഒരാളുടെ മരണത്തിലും കലാശിച്ചത്. അറക്കുളത്തെ തട്ടുകടയില്‍ ശനിയാഴ്ച വലിയ തിരക്കായിരുന്നു. കൂടാതെ തിങ്കളാഴ്ച ഒരുസമരം മൂലമറ്റത്ത് നടക്കുന്നതിനാല്‍ അതിന് കൊടി നാട്ടാനും മറ്റുമെത്തിയ പ്രവര്‍ത്തകരും ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചത്. അതിനാല്‍ ഒരുവിധം ഭക്ഷണസാധനങ്ങളെല്ലാം പെട്ടെന്ന് തീര്‍ന്നു. ഇതിനിടെയാണ് ഫിലിപ്പും സഹോദരപുത്രനും തട്ടുകടയിലേക്ക് വന്നത്. ഫിലിപ്പിന്റെ അച്ഛന്‍ അസുഖബാധിതനായി മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. അതിനാല്‍ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ചപ്പാത്തിയും ബീഫും ബോട്ടിയുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍, ദോശയും ചമ്മന്തിയും മാത്രമേ ബാക്കിയുള്ളൂ എന്ന് ഹോട്ടലുടമ അറിയിച്ചു. അവിടുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ചപ്പാത്തിയും മറ്റും കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിലിപ്പ് ആദ്യം ബഹളംവെച്ചത്. അസഭ്യം പറഞ്ഞുവെന്ന് ഹോട്ടലുടമയും ദൃക്സാക്ഷികളും പറയുന്നു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉടമ പറഞ്ഞിട്ടും ഫിലിപ്പ് അസഭ്യം പറയുന്നത് തുടര്‍ന്നു. ഇതോടെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ചിലരും ഇതില്‍ ഇടപെട്ടു. ഇതോടെ ബഹളം മൂര്‍ച്ഛിച്ച് അടിപിടിയും അസഭ്യം പറച്ചിലുമായി. ആളും കൂടി. ഇതിനിടെ ഫിലിപ്പിന് മര്‍ദനമേറ്റു. ഈ വൈരത്തിലാണ് ഫിലിപ്പ് വീട്ടില്‍ പോയി തോക്കെടുത്ത് വന്ന് വെടി ഉതിര്‍ത്തതെന്ന് പോലീസ് പറയുന്നു.

തർക്കവും അടിപിടിയുമുണ്ടായ അറക്കുളത്തെ തട്ടുകട
ഒരു കൈകൊണ്ട് വെടിയുതിര്‍ത്ത്...

കാറോടിക്കുന്നതിനിടെ സിനിമാ സ്‌റ്റൈലില്‍ നാടന്‍ ഇരട്ടക്കുഴല്‍ തോക്ക് ഒറ്റക്കൈകൊണ്ട് പിടിച്ചാണ് ഫിലിപ്പ് വെടിയുതിര്‍ത്തത്. എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്നകാര്യത്തില്‍ അന്വേഷണം നടക്കുന്നു. കരിങ്കുന്നം പ്ലാന്റേഷനിലുള്ള സുഹൃത്ത് 2014-ല്‍ വാങ്ങി നല്‍കിയതാണിതെന്ന് ഫിലിപ്പ് പോലീസിന് മൊഴി നല്‍കി. ഇയാള്‍ പറഞ്ഞ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി. എന്നാല്‍, തോക്ക് നല്‍കിയയാള്‍ ജീവിച്ചിരിപ്പില്ലെന്ന വിവരമാണ് ലഭിച്ചത്. ഫിലിപ്പിന് ഹൈറേഞ്ചില്‍ തോട്ടമുണ്ട്. അവിടത്തെ ആവശ്യത്തിനായി വാങ്ങിയതാണ് തോക്കെന്നാണ് മൊഴി.

അഞ്ച് തിരകളാണ് ഇയാള്‍ വീട്ടില്‍നിന്ന് എടുത്തത്. അതില്‍ നാലെണ്ണം ഉപയോഗിച്ചു. ഇരട്ടക്കുഴലും രണ്ട് കാഞ്ചികളുമുള്ള തോക്ക് വളരെ ശക്തിയുള്ളതാണെന്ന് പറയുന്നു. ഇതിലൂടെ 40-ഓളം തരികള്‍ ചിതറിയാണ് പുറത്തേക്കുവരുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ തകിടില്‍ തുളച്ചുകയറിയതായി കണ്ടെത്തിയ ചില്ലുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. പരിസരത്തെ മരങ്ങളിലും ഇതേ പാടുകളുണ്ട്.

ഓട്ടോറിക്ഷയിലും വെടികൊണ്ടു

അശോകക്കവലയില്‍നിന്ന് മൂലമറ്റം ഭാഗത്തേക്കുവന്ന ഫിലിപ്പ് മാര്‍ട്ടിന്‍ സ്‌കൂള്‍ ജങ്ഷനില്‍ ആദ്യം വെടിവെച്ചത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരേയായിരുന്നു. അറക്കുളത്തെ വെടിവെപ്പിനുശേഷം ആള്‍ക്കൂട്ടവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഫിലിപ്പ് മാര്‍ട്ടിന്‍ കാര്‍ അതിവേഗം മൂലമറ്റം ഭാഗത്തേക്ക് ഓടിച്ചുവന്നു. പെട്രോള്‍ പമ്പിന് സമീപം കാര്‍ തിരിച്ച് തിരികെവന്നു. കാര്‍ തിരികെ വരുന്നതുകണ്ട നാട്ടുകാരും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവരും ഓടി മാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ് ഓട്ടോറിക്ഷയുടെ മുന്നിലെ ചില്ലും പടുതയും തകര്‍ന്നു. പിന്നീടും വെടിവെച്ചപ്പോഴാണ് സനലും പ്രദീപും അവിചാരിതമായി തോക്കിന്‍കുഴലിന് മുന്നില്‍പ്പെട്ടത്.

ഭക്ഷണവുമായി പോയതായിരുന്നു അവന്‍

കൊല്ലപ്പെട്ട സനലും പരിക്കേറ്റ പ്രദീപും അബദ്ധവശാല്‍ സംഘര്‍ഷത്തില്‍ പെടുകയായിരുന്നുവെന്ന് സനലിന്റെ കുടുംബസുഹൃത്ത് തിരുവോണം തങ്കച്ചന്‍ പറയുന്നു. രാത്രി പത്തരവരെ സനലും പ്രദീപും തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. മകന്റെ ആത്മമിത്രമായ സനല്‍ മിക്കദിവസവും വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ശനിയാഴ്ച മുറിയില്‍ കൊണ്ടുപോയി കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഭക്ഷണവുമായി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.

*പ്രതിയെ റോഡില്‍ തടഞ്ഞ് പിടികൂടിയത് മുട്ടം പോലീസ്*

വെടിവെപ്പിനുശേഷം ഫിലിപ്പ് മാര്‍ട്ടിന്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രപരമായ നീക്കത്തില്‍ മുട്ടം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തൊടുപുഴ റൂട്ടിലൂടെ കാറില്‍ വരുന്ന വിവരം കാഞ്ഞാര്‍ പോലീസ് മുട്ടം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മുട്ടം എസ്.ഐ. മുഹമ്മദ്, സി.പി.ഒ.മാരായ ജോസ്, അന്‍സില്‍, സുധീഷ്, അമ്പിളി, ആശ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുട്ടം ടൗണില്‍ റോഡിനുകുറുകെ പോലീസ് വാഹനം ഇടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടി. ഇയാളുടെ ദേഹത്തും മറ്റും മുറിവേറ്റപാടുകളുണ്ടായിരുന്നു. തലയില്‍നിന്ന് രക്തം ഒലിക്കുന്നനിലയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.15 മണിയോടെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. ഞായറാഴ്ച വെളുപ്പിന് 4.15-ഓടെയാണ് കാഞ്ഞാര്‍ സ്റ്റേഷനിലേക്ക് എത്തിച്ചത്.

ഫിലിപ്പ് മാര്‍ട്ടിന്‍ അനാവശ്യമായി വഴക്കുണ്ടാക്കി-കടയുടമ

ഫിലിപ്പ് മാര്‍ട്ടിന്‍ അനാവശ്യമായി വഴക്കുണ്ടാക്കുകയായിരുന്നുവെന്ന് കടയുടമ സൗമ്യ.'രാത്രി പത്തരയോടെയെത്തിയ ഫിലിപ്പ് കടയില്‍നിന്ന് ബീഫും ബോട്ടിയുമാണ് ചോദിച്ചത്. അത് തീര്‍ന്നതിനാല്‍ നല്‍കാന്‍ കഴിഞ്ഞില്ല. മദ്യപിച്ചിരുന്ന ഫിലിപ്പ് പുറത്തുനിന്ന് അസഭ്യം വിളിച്ചു. അപ്പോഴാണ് കടയിലുണ്ടായിരുന്നവര്‍ ഇടപെട്ടത്. തുടര്‍ന്ന് ഇയാള്‍ അവരെ കൈയേറ്റം ചെയ്തു. പിന്നീട് ഉന്തും തള്ളുമായി. വീട്ടില്‍പ്പോയി മടങ്ങി വന്ന ഇയാള്‍ കടയ്ക്കുനേരേ വെടിവെച്ചു. എല്ലാവരും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്'. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട സനലും പരിക്കേറ്റ പ്രദീപും കടയില്‍ വരുകയോ ഫിലിപ്പുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും സൗമ്യ പറഞ്ഞു.