സുവര്‍ണചകോരം ക്ലാരാസോളയ്ക്ക്,നിഷിദ്ധോ മികച്ച മലയാള ചിത്രം, ചലച്ചിത്രമേളയ്ക്ക് പ്രൗഢസമാപനം

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്വീഡിഷ് ചിത്രം ക്ലാരാസോള സുവര്‍ണചകോരം സ്വന്തമാക്കി.സ്‍പെയിനില്‍ നിന്നുള്ള കാമില കംസ് ഔട്ട് ടുനൈറ്റ് രജതചകോരം നേടി. കാമില കംസ് ഔട്ട് ടുനൈറ്റ് ഒരുക്കിയ ഐനസ് ബാറിനോവയാണ് മികച്ച സംവിധായിക.

നിഷിദ്ധോയാണ് മികച്ച മലയാള ചിത്രം. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൂഴങ്കള്‍’ ഏറ്റവും മികച്ച ഏഷ്യന്‍ ചിത്രത്തിനും ജനപ്രിയ ചിത്രത്തിനുമുള്ള പുരസ്കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആവാസവ്യുഹം സ്വന്തമാക്കി.

സമാപന ചടങ്ങിൽ നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു

26 കൊല്ലം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല താനിത് പറയുന്നത്. ഇതിന്റെ ഉദ്ഘാടനദിവസം താന്‍ എന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ കാഴ്ചയാണ് അന്ന് കണ്ടത്. അപരാചിതയായ ഒരുപെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത പെണ്‍കുട്ടിയെ രഞ്ജിത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. കാണികള്‍ക്ക് അത് അത്ഭുതമായിരുന്നു. അവര്‍ക്ക് ലഭിച്ചത് നിലയ്ക്കാത്ത കരഘോഷമായിരുന്നു. അതുകൊണ്ട് മാത്രമാണ് താന്‍ പറയുന്നത് ഇത് സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ചലച്ചിത്ര മേളയായിരുന്നെന്ന് ടി പത്മനാഭന്‍ പറഞ്ഞു

അവരുടെ കേസിലേക്ക് ഒന്നും താന്‍ ഇപ്പോള്‍ പോകുന്നില്ല. താന്‍ നിയമം പഠിച്ചവനാണ്. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റു. എത്രവലിയവനയാലും ഒരുതരത്തിലുള്ള ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല.
നമ്മുടെ കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പലവിഷയത്തിലും മുന്നിലാണ്. ഇപ്പോഴും മുന്നിലേക്കുള്ള ആ ്പ്രയാണം തുടരുകയാണ്. എങ്കിലും പലരംഗങ്ങളിലും പ്രത്യേകിച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ ഈ വിഷയത്തില്‍ നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടേ? എന്ന് ആലോചിക്കേണ്ട സമയമാണിത്. സിനിമയുടെ വിവിധ മേഖലകളില്‍ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് കിട്ടുന്ന പരിചരണം എന്താണ്?. ഈ അപരാജിതയുടെ കേസ് വന്നതിന് ശേഷമാണ് കുറെയൊക്കെ ലോകത്തിന് മുന്നില്‍ വന്നത്. ഇനിയും കുറെ വരാനുണ്ടാവും.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു