പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം നടന്നു. ചടങ്ങ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന 689 വീടുകളിൽ പണി പൂർത്തിയായ 257 വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ബാക്കിയുള്ളവ പണി പൂർത്തീകരിച്ച് ഉടൻ തന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക്കര ആശാൻ സ്‌മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്.
തീരദേശത്ത് വേലിയേറ്റ മേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണിത്. ഫിഷറീസ് വകുപ്പ് നടത്തിയ തീരദേശ സർവേയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1398 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് 1052 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വി. ശശി എം.എൽ.എ, അഡ്വ.വി. ജോയി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീറാം, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ഓസ്റ്റിൻ ഗോമസ്, മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് സി. പയസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം. സനൽകുമാർ എന്നിവർ സംസാരിച്ചു. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതവും ഫിഷറീസ് അഡിഷണൽ ഡയറക്ടർ ശ്രീലു എൻ.എസ് നന്ദിയും പറഞ്ഞു.