*സർക്കാർ സ്കൂളിലെ പെൺകുട്ടികൾക്ക് മാസം ആയിരം രൂപ; താരം സ്റ്റാലിൻ*

ഏറെ ജനപ്രിയമായ പ്രഖ്യാപനത്തിലൂടെ വീണ്ടും കയ്യടി നേടുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസത്തിന് നൽകിയ പ്രധാന്യം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു. ഇതിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ വീതം സ്കോളർഷിപ്പ് നൽകുമെന്നാണ് സ്റ്റാലിൻ സർക്കാരിന്റെ പ്രഖ്യാപനം. ഡിഗ്രി, ഡിപ്ലോമ, ഐടിഐ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നത് വരെ ഈ സ്കോളർഷിപ്പ് ഇപ്പോൾ സർക്കാർ സ്കൂളിൽ പഠിച്ച പെൺകുട്ടികൾക്ക് ലഭിക്കുമെന്നാണ് വിവരം. ഇവരുടെ അക്കൗണ്ടിലേക്ക് മാസംതോറും ആയിരം രൂപ സർക്കാർ നൽകും.

സാമ്പത്തികമായ പിന്നോട്ട് നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുക എന്നത് കൂടിയാണ് സർക്കാർ ഉന്നമിടുന്നത്. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കാണ് ഈ സഹായം ലഭിക്കുക. ഇതിനായി 698 കോടിരൂപ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം ചെയ്ത് കൊണ്ടുള്ള പദ്ധതികൾ കരുണാനിധി മുഖ്യമന്ത്രി ആയിരുന്ന സമയത്തും നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് മുന്നേറുകയാണ് മകൻ സ്റ്റാലിനും.

സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി 7,000 കോടി രൂപ കുറഞ്ഞതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. ഡിഎംകെ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ ശിങ്കാര ചെന്നൈക്കായി 500 കോടിയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.