എറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാസ്. മാങ്ങറാം പറമ്ബില്‍ നാസറിന്റെ ഭാര്യയും വസ്ത്ര വ്യാപാരിയുമായ റിന്‍സി (30)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടി പൊലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകള്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രാവിലെ നാട്ടുകാരാണ് ഇയാള്‍ തുങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. വ്യാഴാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു റിന്‍സിക്ക് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ നിന്നും കുട്ടികള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന വഴി, ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന പ്രതി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്നലെ രാവിലെ മരിച്ചു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. റിന്‍സിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന റിയാസിനെ കടയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. ശല്യപ്പെടുത്തിയിരുന്ന വിവരം വിദേശത്തുള്ള ഭര്‍ത്താവിനെ റിന്‍സി അറിയിച്ചിരുന്നു. ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.