കാരുണ്യ ഫാർമസിയിൽ മരുന്നില്ലെന്ന് പരാതി, നേരിട്ടെത്തി മന്ത്രി; ഉത്തരംമുട്ടി ജീവനക്കാർ

തിരുവനന്തപുരം• തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി, ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്നു ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലായി.കഴിഞ്ഞ ഒക്‌ടോബര്‍ 28ന് മന്ത്രി മെഡിക്കല്‍ കോളജില്‍ പഴയ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിയുടെ അന്നത്തെ നിര്‍ദേശ പ്രകാരം പുതിയ അത്യാഹിത വിഭാഗം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചു. സീനിയര്‍ ഡോക്ടര്‍മാര്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കില്ലാത്തതു കണ്ടെത്തിയിരുന്നു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു. അതിനു ശേഷം തുടര്‍ച്ചയായി മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. ഇതോടൊപ്പം മെഡിക്കല്‍ കോളജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേര്‍ന്നു പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.ഇതുകൂടാതെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.