തിരുവനന്തപുരം : പല നാട്ടിലെ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി എട്ടു ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് വെള്ളിയാഴ്ച തലസ്ഥാനത്ത് തിരശ്ശീല വീഴും. കോവിഡ് വെല്ലുവിളികൾക്കു ശേഷം നിയന്ത്രണങ്ങളിൽ ഇളവുനൽകി നടത്തിയ ചലച്ചിത്രോത്സവം ആഘോഷപൂർവമാണ് സിനിമാ സ്‌നേഹികൾ ഏറ്റെടുത്തത്. മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണമന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും.
ഇറാൻ, അഫ്ഗാൻ, തുർക്കി, റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 സിനിമകളാണ് മേളയിൽ ലോക മാനവികതയുടെ വാതിലുകൾ തുറന്നിട്ടത്. മത്സരവിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു"
സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യൻ ചിത്രം മ്യൂറീന, ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനൻ എന്നീ ചിത്രങ്ങൾ പ്രേക്ഷകർ നിറഞ്ഞ സദസ്സിൽ വരവേറ്റു.
ഐ.എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, ബംഗ്ളാദേശ് നടി അസ്‌മേരി ഹഖ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, തമിഴ് സംവിധായകൻ വെട്രിമാരൻ, ഗിരീഷ് കാസറവള്ളി, ഡോ.ബോബി ശർമ്മ ബറുവ, ഡോ.രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗർ, രേഖ ദേശ്പാണ്ഡെ തുടങ്ങിയ അതുല്യനായ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.
ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടൻ ദിലീപ് കുമാർ, ലതാ മങ്കേഷ്‌കർ, കെ.എസ്.സേതുമാധവൻ, കെ.പി.എ.സി. ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി.
സമാപന ദിനത്തിൽ ‘എ ഹീറോ’യടക്കം 14 ചിത്രങ്ങൾ
തിരുവനന്തപുരം : അസ്ഗർ ഫർഹാദിയുടെ 'എ ഹീറോ'യടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും.
ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യു റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോർണിംഗ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ, ലെബനൻ എന്നീ മത്സര ചിത്രങ്ങളും നായാട്ട്, ബനേർഘട്ട, അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത് മൂവി കാമറ എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
ഡക് ഡക്, ദി വണ്ടർലെസ് അബു തുടങ്ങിവയാണ് മേളയുടെ അവസാന ദിനത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.
ദി ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്‌കൈ, ദി ഗ്രേവ്ഡിഗേഴ്‌സ് വൈഫ്, വെദർ ദി വെതർ ഈസ് ഫൈൻ എന്നീ ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും