വർക്കലവീടീന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും; മരിച്ച പ്രതാപന്റെ വിദേശത്തുണ്ടായിരുന്ന മകന്‍ അഖില്‍ ഇന്നലെ രാത്രി നാട്ടിലെത്തി.

വര്‍ക്കല: വര്‍ക്കലയില്‍ (Varkala) വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന് തുടങ്ങും. 
ഡിഐജി ആര്‍ നിശാന്തിനിയുടെ (DIG Nishanthini) നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. മരിച്ച പ്രതാപന്റെ വിദേശത്തുണ്ടായിരുന്ന മകന്‍ അഖില്‍ ഇന്നലെ രാത്രി നാട്ടിലെത്തി. വിദേശത്തുള്ള മറ്റ് ചില ബന്ധുക്കളും കൂടി എത്തിയ ശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് (Short circuit) അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച് നശിച്ച വീടിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘത്തിന്റെയും ഇലട്രിക് ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ നിര്‍ണായമാണ്. 

ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മരുമകള്‍ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ ആണ് മരിച്ചത്.
വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഇതില്‍ മൂത്ത മകന്‍ അഖില്‍ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകന്‍ അഖിലും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്‌കാര ചടങ്ങുകള്‍ അടക്കം നടക്കുക. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തില്‍ പങ്കാളികളായിരുന്നു.വന്‍ ദുരന്തം ഉണ്ടായതോടെ റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷമാകും സംസ്‌കാരം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള നിഹിലില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം മരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അവര്‍ ഇപ്പോഴും ആ ഭയത്തില്‍ നിന്ന് മോചിതരായിട്ടില്ല.