*ആറ്റിങ്ങൽ നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളപ്പൊക്ക ഭീഷണി ശാശ്വതമായി പരിഹരിക്കാൻ പദ്ധതിയുമായി അധികൃതർ*

കാലവർഷം ഉൾപ്പടെയുള്ള ശക്തമായ മഴയിൽ ആറ്റിങ്ങൽ നഗരത്തിലെ ജനവാസ മേഖലയിലേക്ക് വെള്ളം കയറുന്നത് ശാശ്വതമായി ഒഴിവാക്കാൻ പരിഹരിക്കാൻ വേണ്ടിയാണ് അധികാരികൾ പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, തഹൽസിദാർ മനോജ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, അശ്വതി, വീണ, ഷിയാസ്, ഷെരീഫ്, വില്ലേജ് ഓഫീസർ എൻ.കെ.മനോജ്, അസി.മനോജ് എന്നിവരുടെ സംഘം പട്ടണത്തിലെ നദീതീര വാർഡുകൾ സന്ദർശിച്ചു. പണ്ടുവിളാകം, മീമ്പാട്ട്, പൈപ്പ്ലൈൻ, ക്ലബ്റോഡ്, കരിച്ചയിൽ പ്രദേശങ്ങൾ സന്ദർശിച്ചു. പരമ്പരാഗത തോടുകളിൽ മഴവെള്ളപ്പാച്ചിലിൽ എക്കൽ മണ്ണടിഞ്ഞ് തോടിന്റെ ആഴം കുറഞ്ഞതും പലയിടങ്ങളിലും സംരക്ഷണഭിത്തി ഇല്ലാത്തതും വെള്ളപ്പൊക്കത്തിന് കാരണമാവുന്നതായി അന്വേഷണ സംഘം വിലയിരുത്തി. തോടുകളുടെ ആഴവും വിസ്തൃതിയും വർദ്ധിപ്പിക്കുന്നതോടൊപ്പം, നദിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രധാന തോടുകളിൽ ഷട്ടറുകളും നിർമ്മിക്കും. അങ്ങനെ നദീജലം ഉയരുന്ന സാഹചര്യത്തിൽ ഈ ഷട്ടറുകളുടെ സഹായത്തോടെ തോടുകളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം ഇരച്ചുകയറാതെ ഒരു പരിധിവരെ വെള്ളപ്പൊക്കത്തെ നീയന്ത്രിക്കാൻ സാധിക്കും.  നിലവിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് പ്രദേശവാസികളെ മാറ്റി പാർപ്പിക്കുന്നത്. കൂടാതെ വെള്ളം കയറുന്ന ഭാഗത്തെ കൃഷിക്കും വൻതോതിൽ നാശം സംഭവിക്കുന്നു. ഈ പദ്ധതി സാധ്യമാവുന്നതോടെ ഈ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് സാധിക്കും.