*ലിംഗവിവേചനമില്ലാത്ത സമൂഹം വളര്‍ന്ന് വരണം: മന്ത്രി വീണാ ജോര്‍ജ്*

*സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖല*

ലിംഗവിവേചനമില്ലാത്ത സമൂഹം വളര്‍ന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകള്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഏത് വിഭാഗമെടുത്താലും സ്ത്രീകളാണ് കൂടുതലുള്ളത്. 14 ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരില്‍ 9 പേരും വനിതകളാണ്. ആശാവര്‍ക്കര്‍മാര്‍ മുതല്‍ എല്ലാ തലങ്ങളിലും സ്ത്രീ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖലയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതാണ്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും തൊഴിലിടങ്ങളിലെ ജോലിക്ക് പുറമേ അവര്‍ക്ക് വീടുകളിലും ജോലി ചെയ്യേണ്ടി വരുന്നു. ഈ കാലഘട്ടത്തിലും അടുക്കളയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വനിതാ ദിനത്തില്‍ മാത്രമല്ല സ്ത്രീകളെ പറ്റി ചിന്തിക്കേണ്ടത്.

ലിംഗപരമായ വിവേചനങ്ങള്‍ ഒരിടത്തും ഉണ്ടാകാന്‍ പാടില്ല. ഈ മേഖലയില്‍ വലിയൊരു ഇടപെടല്‍ ആരോഗ്യ വകുപ്പ് നടത്തുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായാണ് ഇടം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ ആശുപത്രികളാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്തു. ഇതോടൊപ്പം തൃശൂര്‍ ജില്ലയിലെ ആശാ പ്രവര്‍ത്തകരുടെ കോവിഡ് കാല അനുഭവകുറിപ്പുകള്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കിയ കരുതലിന്റെ കരങ്ങള്‍ പ്രകാശനം ചെയ്തു. കൂടാതെ ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവര്‍ത്തക അജിത വിജയന്‍ എഴുതിയ ആശാകിരണങ്ങള്‍ എന്ന കവിതയുടെ ദൃശ്യാവിഷക്കാരവും ഈ വേദിയില്‍ പ്രകാശനം ചെയ്തു. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര മന്ത്രി ഫ്‌ളാഗോഫ് ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, എന്‍.എച്ച്.എം. ജില്ലാ പ്രാഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. ശരണ്യ എന്നിവര്‍ പങ്കെടുത്തു.