സ്ത്രീകൾ ഗേറ്റ് പൂട്ടി,ഉദ്യോഗസ്ഥര്‍ മതിൽ ചാടിക്കടന്ന് കല്ലിട്ടു,കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം; നാളെചങ്ങനാശ്ശേരിയിൽ ഹർത്താൽ

കൊച്ചി:എറണാകുളത്തും ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും സില്‍വര്‍ലൈന്‍ സർവേയ്ക്കെതിരെ പ്രതിഷേധം. എറണാകുളത്ത് സ്ത്രീകൾ ഗേറ്റ് പൂട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ മതിൽ ചാടിക്കടന്ന് കല്ലിട്ടു. ചങ്ങനാശേരിയിൽ വാഹനം ആക്രമിക്കാനും ശ്രമം ഉണ്ടായി.

എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തിനടുത്ത് മാമലയിൽ സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.  ഉദ്യോഗസ്ഥരെ പുരയിടങ്ങളിലേക്ക് കടക്കാൻ നാട്ടുകാർ അനുവദിച്ചില്ല. വീട്ടമ്മമാരുടെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി പ്രതിഷേധം തീർത്തു. തുടർന്ന് പോലീസുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ ഗേറ്റ് ചാടി കടന്ന് കല്ല് സ്ഥാപിച്ചു.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പളളിയിൽ  മനുഷ്യ മതിൽ തീർത്തായിരുന്നു പ്രതിഷേധം. സ്ഥാപിക്കാനുള്ള കല്ലുകൾ കൊണ്ടു വന്ന വാഹനം തടഞ്ഞു. വാഹനത്തിൻ്റെ ചില്ല് തകർക്കാനും ശ്രമമുണ്ടായി. തൊഴിലാളികളെ ബലം പ്രയോഗിച്ച് ഇറക്കാനും സമരക്കാർ ശ്രമിച്ചു. അതേസമയം സ്ത്രീകളെ പോലീസ് വലിച്ചു ഇഴച്ച്നീക്കി. സമരത്തിൻറെ മുൻനിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു നീക്കി.മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും വിവിധ മത നേതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വെൺമണിയിൽ കെ.റയിൽ വിരുദ്ധ സമിതി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധ റാലി നടത്തി .