*മന്ത്രി ഇടപെട്ടു;ജപ്തി നടപടികൾ ഒഴിവായി*

നെടുമങ്ങാട് : മന്ത്രി ജി.ആർ.അനിൽ വിളിച്ചുചേർത്ത യോഗത്തിൽ സഹകരണ ബാങ്കിന്റെ ജപ്തി നടപടിയിൽനിന്ന് ഇളവുലഭിച്ച് കുടുംബങ്ങൾ. സഹകരണ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടാണ് അടിയന്തര പരിഹാരം കണ്ടത്.
വീട് ജപ്തിയുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് മന്ത്രിയുടെ മുന്നിലെത്തിയത്. മുഴുവൻ അപേക്ഷകളും സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവന്റെ ശ്രദ്ധയിൽപ്പെടുത്തി.

ബന്ധപ്പെട്ട ജപ്തിനടപടികൾ നിർത്തിവെക്കാൻ മന്ത്രി ഉത്തരവിടുകയായിരുന്നു. സഹകരണ ബാങ്ക്, കേരള ബാങ്ക്, സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിക്ക് ലഭിച്ചത്. 100 ലേറെ പരാതികൾ ലഭിച്ചതിൽ ഭൂരിഭാഗവും ബാങ്കുകളുടെ ജപ്തി നോട്ടീസ്‌ ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു.

റേഷൻ കാർഡ്, കുടിവെള്ള മുടക്കം, റോഡുതടസ്സം തുടങ്ങിയ പരാതികളും തത്സമയം പരിഹരിച്ചു. പി.ഡബ്ല്യു.ഡി. (റോഡ്‌സ് വിഭാഗം), വാട്ടർ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എൻജിനിയർമാരും താലൂക്ക് സപ്ലൈ ഓഫീസറും ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്യാമ്പിൽ പങ്കെടുത്തു