"തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയ്ക്ക് മെത്രാഭിഷേകച്ചടങ്ങിൽ ആർച്ച് ബിഷപ്പ് എം. സൂസപാക്യം അംശവടി നൽകിയശേഷം അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചപ്പോൾ. ബിഷപ്പ് വിൻസെന്റ് സാമുവൽ സമീപം. തിരുവനന്തപുരം ചെറുവെട്ടുകാട് സെയ്ന്റ് സെബാസ്റ്റ്യൻസ് മൈതാനത്ത് പ്രത്യേകം ഒരുക്കിയ വേദിയിലാണ് ചടങ്ങുകൾ നടന്നത് |ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം: അറബിക്കടലിന് അഭിമുഖമായി ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി മൈതാനത്ത് തീർത്ത വേദിയിൽ വിശ്വാസസാഗരത്തെ സാക്ഷിയാക്കി മോൺ. തോമസ് ജെ.നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.
പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്ത ഡോ. എം.സൂസപാക്യം മുഖ്യകാർമികനായി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവസമായ ശനിയാഴ്ചയാണ് മെത്രാഭിഷേകവും സ്ഥാനാരോഹണച്ചടങ്ങും നടത്തിയത്.
വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമികരായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾഡോ ജിറെല്ലി മുഖ്യാതിഥിയായി. വിവിധ രൂപതാധ്യക്ഷൻമാരും സന്ന്യസ്തരും വൈദികരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തയും അഞ്ചാമത്തെ ഇടയനുമാണ് തോമസ് ജെ.നേറ്റോ.
ഗായകസംഘം സ്വാഗതഗാനമാലപിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈദികരുടെയും രൂപതാധ്യക്ഷൻമാരുടെയും അകമ്പടിയിൽ തോമസ് ജെ.നെറ്റോയും സൂസപാക്യവും ബലിവേദിയിലെത്തി. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആമുഖപ്രഭാഷണം നടത്തി. ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമന ഉത്തരവ് ചാൻസിലർ മോൺ. ഡോ. സി.ജോസഫ് ലത്തീനിലും മലയാളത്തിലും വേദിയിൽ വായിച്ചു. ദിവ്യബലിക്ക് ശേഷം സൂസപാക്യം, തോമസ് ജെ. നെറ്റോയെ തൈലാഭിഷേകം നടത്തി മോതിരമണിയിച്ച് അംശവടി കൈമാറി മെത്രാൻ സ്ഥാനത്തേയ്ക്ക് ഉയർത്തി.
അതിരൂപതാ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന 57-കാരനായ മോൺ. തോമസ് ജെ.നെറ്റോയെ ഫെബ്രുവരിയിലാണ് മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം പുതിയതുറ സ്വദേശിയാണ്. ഞായറാഴ്ച വൈകീട്ട് 4.30-ന് സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും