തിരുവനന്തപുരം : മെഡിക്കൽ കോളേജ് കാമ്പസിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കി ഏപ്രിൽ ആദ്യം പാലം തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷ. അവസാനഘട്ട മിനുക്കുപണികളും ടാറിങ്ങും മാത്രമാണ് ഇനിയുള്ളത്. പാലം തുറന്നുനൽകുന്നതോടെ കാമ്പസിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാനാകും.
മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം നിർമിക്കുന്നത്.
ശ്രീചിത്ര ആശുപത്രിക്ക് സമീപത്തുനിന്നാരംഭിച്ച് മെൻസ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡിൽ എത്തിച്ചേരുന്ന പാലത്തിലൂടെ ശ്രീചിത്രയിലേക്കും ആർ.സി.സി.യിലേക്കുമുള്ള രോഗികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിലൂടെയല്ലാതെ കാമ്പസിൽ പ്രവേശിക്കാമെന്നുള്ളതാണ് പുതിയ പാലത്തിന്റെ പ്രധാന പ്രയോജനം. 33.48 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലത്തിന് അപ്രോച്ച് റോഡുൾപ്പെടെ 340 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്.
13 തൂണുകൾ മേൽപ്പാലത്തെ താങ്ങിനിർത്തും. രണ്ടുവരി പാതയായി ഒരുക്കുന്ന മേൽപ്പാലത്തിന് കൈവരിയും തെരുവുവിളക്കുകളും ഒരുക്കിയിട്ടുണ്ട്.
2019-ൽ തറക്കല്ലിട്ടെങ്കിലും പാലത്തിന്റെ നിർമാണം ഇഴഞ്ഞത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. 110 കെ.വി. ഓവർഹെഡ് ലൈനും ജല അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ടതിനാലാണ് പണി വൈകുന്നതെന്നായിരുന്നു അധികൃതർ അറിയിച്ചത്. പണി വൈകുന്നതിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് മന്ത്രി വീണാ ജോർജിന്റെയടക്കം ഇടപെടലോടെയാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.