കണ്ണീരായി നവവരന്റെ മരണം; സാദിഖ് പോയതറിയാതെ ഭാര്യ ചികിൽസയിൽ

കല്ലമ്പലം• ദേശീയപാതയിൽ കല്ലമ്പലം ജംക്‌ഷനു സമീപം ഞായർ രാത്രി ബൈക്കും സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിച്ച് ഇരു വാഹനത്തിലെയും ഓരോ യാത്രികർ മരിച്ച സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും. അപകടത്തിൽ മരിച്ച നാവായിക്കുളം പലവക്കോട് താളിക്കല്ലിൽ വീട്ടിൽ സാദിഖിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പോലും പിന്നിട്ടില്ലെന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭാര്യ ഫൗസിയ സാദിഖിന്റെ മരണവിവരം ഇന്നലെ വൈകിട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 17നായിരുന്നു ഇവരുടെ വിവാഹം.നാളെ ദുബായിലേക്ക് മടങ്ങാനിരുന്ന ആളാണ് സാദിഖ് .ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ സാദിഖും ഫൗസിയയും മടങ്ങവെയാണ് അപകടം. നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു അപകടത്തിൽ മരിച്ച വടശ്ശേരിക്കോണം ഞെക്കാട് ചരുവിള പുത്തൻ വീട്ടിൽ എ.അജീഷ്(27) ഹൃദ്രോഗിയായ പിതാവിന്റെയും വിദ്യാർഥിയായ അനുജന്റെയും ചെലവുകൾ അജീഷിന്റെ വരുമാനത്തിലാണ് നടന്നിരുന്നത്. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ അമ്മ കുടുംബ ചെലവുകളിൽ അജീഷിന് താങ്ങായി. മൂന്നു വർഷം മുൻപ് വിദേശത്ത് പോയ അജീഷ് കോവിഡ് വ്യാപനത്തെ തുടർന്ന് 2 വർഷത്തെ ജോലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.പിന്നീട് തിരിച്ചു പോകാൻ കഴിഞ്ഞില്ല. കൂലിപ്പണികൾ ഉൾപ്പെടെ ചെയ്തു തുടങ്ങി. അടുത്ത സമയത്താണ് സുഹൃത്ത് മിഥുന്റെ മത്സ്യ ഫാമിൽ സഹായിയായി ചേർന്നത്. ഫാമിലെ ആവശ്യത്തിന് വേണ്ടി കൊല്ലത്ത് മിഥുനുമായി പോയി വരുമ്പോഴാണ് അപകടം. അപകടത്തിൽ പരുക്കേറ്റ മിഥുനും ചികിൽയിലാണ്. സാദിഖിന്റെ മൃതദേഹം പലവക്കോടുള്ള വീട്ടിൽ പൊതു ദർശനത്തിന് കൊണ്ടു വന്നു. പിന്നീട് കുടുംബസ്ഥലമായ കൊല്ലം ജില്ലയിലെ ഓയൂർ മഞ്ഞപ്പാറ ജുമാ മസ്ജിദിൽ ഖബർ അടക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം അജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.