രണ്ടു വർഷം മുൻപ് നേപ്പാളിലേക്ക് വിനോദയാത്രയ്ക്കു പോയ 15 പേരടങ്ങുന്ന സുഹൃത് സംഘത്തിൽ 2 കുടുംബങ്ങളിലെ 8 പേർ അടച്ചിട്ട ഹോട്ടൽ മുറിക്കുള്ളിൽ വിഷവാതകം ശ്വസിച്ചു മരിക്കുകയായിരുന്നു. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ‘രോഹിണി’യിൽ പ്രവീൺകുമാർ കെ. നായർ ഭാര്യ ശരണ്യ ശശി , മക്കൾ ശ്രീഭദ്ര , ആർച്ച, അഭിനവ് എന്നിവരായിരുന്നു അവരിൽ അഞ്ചുപേർ . നേപ്പാളിലെ മക്‌വൻപുർ ജില്ലയിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലായിരുന്നു ദുരന്തം. കടുത്ത തണുപ്പുമാറ്റാൻ ഹോട്ടൽ ജീവനക്കാരൻ പുറത്തു നിന്നെത്തിച്ച ഗ്യാസ് ഹീറ്റർ പ്രവർത്തിപ്പച്ചതോടെ വിഷവാതകം ചോരുകയായിരുന്നു.പ്രവീണിനെയും കുടുംബത്തെയും കൂടാതെ തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാർ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരും മരിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും സംഭവത്തിന്റെ ദുരൂഹത തുടരുകയാണ്. ബന്ധുക്കൾ നീതിതേടി രാജ്യാന്തര കോടതിയെയും സമീപിച്ചിട്ടുണ്ട്.പ്രവീണിന്റെയും കുടുംബത്തിന്റെയും ഓർമയ്ക്കായി 600 ചതുരശ്ര അടിയിൽ 16 ലക്ഷം ചെലവിട്ടാണ് മന്ദിരം നിർമിച്ചത്. ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനം. താഴത്തെ നില ആരോഗ്യ വിഭാഗത്തിന്റെ സബ്സെന്റർ പ്രവർത്തിക്കുന്നതിനായി വിട്ടുകൊടുക്കും. മുകളിൽ ഗ്രന്ഥശാല, വായനമുറി, ഒപ്പം അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷന്റെ ഓഫിസും പ്രവർത്തിക്കും.– കൃഷ്ണൻനായർ പറഞ്ഞു.