* ഇന്നത്തെ ഐ.എസ്.എല്‍ ഫൈനലില്‍, ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും*

മനോഹരമായ കളികൾ, എണ്ണംപറഞ്ഞ ഗോളുകൾ, ഇതുവരെ കാണാത്ത ഒത്തിണക്കം, ടീമിനെ നിരന്തരം പ്രചോദിപ്പിക്കുന്ന പരിശീലകൻ, ഒപ്പം ഫറ്റോർഡ സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഒരുങ്ങുന്ന ആരാധകക്കൂട്ടം... കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ കിരീടമുയർത്താൻ ഇതിലും നല്ലൊരു അവസരമില്ല.
രണ്ടുതവണ നേരിയവ്യത്യാസത്തിൽ കൈവിട്ട കിരീടത്തിൽ മുത്തമിടാൻ വെമ്പുന്ന ബ്ലാസ്റ്റേഴ്‌സിന് എതിരാളി ഹൈദരാബാദ് എഫ്.സി. ഞായറാഴ്ച രാത്രി 7.30-നാണ് ഫൈനൽമത്സരം.

കളിരീതി

സെമിയിൽനിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് പാസിങ്‌ ഗെയിമിലേക്ക് പോകാനാകും സാധ്യത. പന്ത് കൈവശംവെക്കുന്നതിൽ ആധിപത്യം നേടാനും ടീം ശ്രമിക്കും. ജംഷേദ്പുരിനെതിരേ ലോങ് ബോൾ ഗെയിമാണ് ടീം പുറത്തെടുത്തത്. അതിനുകാരണം എതിരാളികളുടെ ശാരീരികഗെയിമായിരുന്നു. ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ടീമാണ്‌ ഹൈദരാബാദ്. അതിനാൽ പന്തിനുമേൽ ആധിപത്യംനേടാൻ ഇരുടീമുകളും ശ്രമിക്കും.

മധ്യനിരയിലെ ആധിപത്യം നിർണായകമാകും. പുടിയ-ആയുഷ്- അഡ്രിയൻ ലൂണ ത്രയത്തിന്റെ മധ്യനിരയിലെ പ്രകടനം നിർണായകമാകും. ഹൈദരാബാദ് നിരയിലെ അപകടകാരി ബർത്തലോമ്യു ഒഗ്‌ബെച്ചെയിലേക്കുള്ള പന്തിന്റെ വിതരണം തടയാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാകും. ഹൈദരാബാദ് കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ഒഗ്ബച്ചെയെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരും. ടീം 4-2-3-1 ശൈലിയിൽ കളിക്കാനാണ് സാധ്യത. സീസണിൽ മുഖാമുഖം വന്നപ്പോൾ ഓരോവീതം ജയങ്ങളുമായി ഇരുടീമുകളും തുല്യതയിലാണ്.

സാധ്യതാ ടീം:

ബ്ലാസ്റ്റേഴ്‌സ്-പ്രഭ്‌സുഖൻ ഗിൽ, സന്ദീപ് സിങ്, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജ്യോത് ഖബ്ര, പുടിയ, ആയുഷ് അധികാരി, അഡ്രിയൻ ലൂണ, നിഷുകുമാർ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്.

ഹൈദരാബാദ് എഫ്.സി. -കട്ടിമണി, ആകാശ് മിശ്ര, ചിങ്‌ലെൻസന സിങ്, യുവാനൻ, നിം ദോർജി, ജാവോ വിക്ടർ, സൗവിക് ചക്രവർത്തി, യാസിർ മുഹമ്മദ്, ഒഗ്‌ബെച്ചെ, അനികേത് ജാദവ്, ഹാവിയർ സിവേറിയോ

മുഖാമുഖം

മൊത്തം മത്സരം 6

ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്: 3

ഹൈദരാബാദ് ജയിച്ചത്: 3

സീസണിലെ പ്രകടനം

ബ്ലാസ്റ്റേഴ്‌സ്

കളി: 22

ജയം: 10

സമനില: 8

തോൽവി: 4

ഗോൾ: 36

വഴങ്ങിയ ഗോൾ: 25

ടോപ് സ്കോറർ: വാസ്‌ക്വസ്, ഡയസ് (8 ഗോൾ വീതം)

ഹൈദരാബാദ്

കളി: 22

ജയം: 12

സമനില: 5

തോൽവി: 5

ഗോൾ: 46

വഴങ്ങിയത്: 25

ടോപ് സ്കോറർ: ഒഗ്‌ബെച്ചെ (18 ഗോൾ)

മികച്ചപ്രകടനം

ബ്ലാസ്റ്റേഴ്‌സ്: റണ്ണറപ്പ് (2014, 2016)

ഹൈദരാബാദ്: അഞ്ചാംസ്ഥാനം (2020-21)