പാരിപ്പളളി പോലീസ് സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പോലീസ് പിടികൂടി. ജാമ്യം നേടി കര്‍ണ്ണാടകയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തിരുവനന്തപുരം വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജില്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ ശശി മകന്‍ അജീഷ് (36) ആണ് പോലീസ് പിടിയിലായത്. കോടതി ജാമ്യത്തില്‍ ഇറങ്ങി കര്‍ണ്ണാടകയിലേക്ക് കടന്ന ഇയാളെ സംബന്ധിച്ച് വര്‍ഷങ്ങളായി വിവരങ്ങള്‍ ഒന്നും ലഭ്യമല്ലായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ സുദീര്‍ഘമായ അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കലയുളള ബന്ധുവീട് സന്ദര്‍ശിക്കുന്നതായി തെളിഞ്ഞു. ഇയാളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായാത്.
ഇതുകൂടാതെ മയക്ക്മരുന്ന് അനഃധികൃതമായി കൈവശം വച്ച കേസിലുള്‍പ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവിനെയും ജില്ലാ പോലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ പാരിപ്പളളി പോലീസ് പിടികൂടി. വര്‍ഷങ്ങളായി വിദേശത്ത് ഒളിവ് ജീവിതത്തില്‍ കഴിഞ്ഞ ഇയാള്‍ വിവാഹത്തിനായി തിരികെ നാട്ടിലേക്ക് വന്നപ്പോഴാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല വെട്ടൂരില്‍ തണ്ടാക്കുടി ഹൗസില്‍ സലീം മകന്‍ സവാദിനെയാണ് (32) വിമാനത്താവളത്തില്‍ വച്ച് പാരിപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്‍റെ മേല്‍നോട്ടത്തില്‍ പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബ്ബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ്, സുരേഷ്കുമാര്‍.എസ്, എസ്.സി.പി.ഒ സന്തോഷ് സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജൂ, സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു.