*48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീള്ളും*
ന്യൂഡല്‍ഹി: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരക്കുകയാണ്. മാര്‍ച്ച് 28,29 തിയതികളിലായിട്ടാണ് സംയുക്ത തൊഴിലാളിയ യൂണിയന്റെ പണിമുടക്ക്.
മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും.
കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
*ബാങ്കുകള്‍ പ്രവര്‍ത്തിക്കുമോ?*
വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കില്‍ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിച്ചിരിക്കുന്നത്, പണിമുടക്ക് ദിവസങ്ങളില്‍ തങ്ങളുടെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാങ്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ്. അതേ സമയം തന്നെ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പരിധിവരെ പണിമുടക്ക് ബാധിച്ചേക്കാമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് ബാധിച്ചേക്കും.
എന്നാല്‍ സഹരകണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നത് കൊണ്ട് സഹകരണ ബാങ്കുകള്‍ നാളെയും മറ്റന്നാളും പ്രവര്‍ത്തിച്ചേക്കില്ല. പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പണിമുടക്കില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സഹകരണ രജിസ്ട്രാറാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാന്‍ ഉത്തരവിറക്കിയത്.
*പണിമുടക്കല്‍ പങ്കെടുക്കുന്ന സംഘടനകള്‍*
ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പണിമുടക്കുന്ന തൊഴിലാളികള്‍ സമരകേന്ദ്രങ്ങളില്‍ അണിനിരക്കും. ഓരോ ജില്ലയിലും 25ല്‍ കുറയാത്ത സമരകേന്ദ്രമുണ്ടാകും. തലസ്ഥാനത്തെ കേന്ദ്രത്തില്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ മുഴുവന്‍ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കള്‍ പകല്‍ 11ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.
*കെഎസ്ആര്‍ടിസി അവശ്യസര്‍വീസ് നടത്തും*
പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യ സര്‍വീസുകള്‍ അയക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 'ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ പരമാവധി ക്രമീകരിക്കുന്നതാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ പോലീസ് സഹായത്തോടെയും നിര്‍ദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ അയക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു' കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.
*പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും*
പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങളില്‍ സാധാരണ പോലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ജോലിക്ക് ഹാജരാകണമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡോടെയും സഹായത്തോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്ക് ദിവസങ്ങളില്‍ ഒരു ജീവനക്കാരും കാഷ്വല്‍ ലീവ് അനുവദിക്കില്ല. ജീവനക്കാര്‍ ജോലിയില്‍ ഹാജരായില്ലെങ്കില്‍ ഡയസ് നോണായി കണ്ട് ശമ്പളം അനുവദിക്കില്ലെന്നുമാണ് മമതാ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
*സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് ഊര്‍ജ മന്ത്രാലയം*
ജീവനക്കാരുടെ പണിമുടക്കിനടയിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വൈദ്യുത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആശുപത്രികള്‍, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വേ തുടങ്ങിയ അവശ്യ സര്‍വീസുകളില്‍ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്