അനിയത്തിപ്രാവ് സിനിമയിൽ ഉപയോഗിച്ച് ആ സ്പെൻഡർ ഇപ്പോൾ കുഞ്ചാക്കോ ബോബൻ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്. അനിയത്തിപ്രാവ് റിലീസായി 25 വർഷങ്ങൾക്ക് ശേഷമാണ് ഹിറ്റ് ബൈക്ക് വീണ്ടും ചാക്കോച്ചനെ തേടി എത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ പക്കൽ നിന്നാണ് ബൈക്ക് തിരികെ വാങ്ങിയത്. ചാക്കോച്ചൻ തന്നെ വിളിച്ചതും ബൈക്ക് വാങ്ങിയതും ഒക്കെ ഒരു സ്വപ്നമായി തോന്നുന്നുവെന്നാണ് ബോണി ഇപ്പോൾ പറയുന്നത്.'മിനിഞ്ഞാന്നാണ് വണ്ടി കൊടുത്തത്. ചാക്കോച്ചൻ നേരിട്ട് എന്നെ വിളിച്ചു. ബൈക്ക് കയ്യിലുണ്ടല്ലോ എന്ന് ചോദിച്ചു. ആരെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ പറ്റിക്കുകയാണെന്നാ ഞാൻ വിചാരിച്ചത്. കമ്പനി നമ്പരിലേക്കാണ് വിളിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പി.എ വിളിച്ചപ്പോഴാണ് വിശ്വാസമായത്. ചാക്കോച്ചൻ ആദ്യം ഉടമ കമാൽ എം.മാക്കിയിലിനെയാണ് വിളിച്ചത്. എന്റെ കയ്യിൽ വണ്ടിയുണ്ടെന്ന് അദ്ദേഹം അതിന് മുമ്പ് അറിഞ്ഞിരുന്നു. എംഡിയെ വിളിച്ച് ഉറപ്പിച്ചു.പി എ വിളിച്ചിട്ട് വണ്ടി വേണം, എന്താ ബോണി പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചു. ഞാൻ ആകെ ഞെട്ടലിലായിരുന്നു. എനിക്ക് വേറെ വണ്ടി ഒന്നുമില്ല. അപ്പോൾ പകരം ഒരു ബൈക്ക് മതിയെന്ന് പറഞ്ഞു. ഏത് ബൈക്ക് വേണമെന്ന് ചോദിച്ചു. സ്പ്ലെൻഡർ തന്നെ മതിയെന്ന് പറഞ്ഞു. ഏറ്റവും പുതിയ മോഡൽ സ്പ്ലെൻഡർ വാങ്ങാനുള്ള പണം അര മണിക്കൂറിനുള്ളില്‍ അക്കൗണ്ടിൽ വന്നു. ഇന്ന് അനിയത്തി പ്രാവ് സിനിമ ഇറങ്ങിയിട്ട് 25 വർഷമാകുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഈ ബൈക്ക് വാങ്ങുന്നതെന്ന് ചാക്കോച്ചൻ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന ഷോറൂമിൽ നിന്നാണ് ഈ വണ്ടി ഞാൻ വാങ്ങുന്നത്. നാളെ എനിക്ക് എന്റെ പുതിയ ബൈക്കും കിട്ടും. താക്കോൽ കൈമാറാൻ വരുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പക്ഷേ ഇപ്പോൾ കാസർകോട് ലൊക്കേഷനിലാണെന്നാ പറഞ്ഞത്. ആലപ്പുഴ എത്തിയാൽ ഉറപ്പായും നേരിൽ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോൾ ഞാനും വൈറലായതിന്റെയും ചാക്കോച്ചൻ വിളിച്ചതിന്റെയും അമ്പരപ്പിലാണ് ഞാന്‍ ' . ബോണി പറഞ്ഞ് നിർത്തുന്നു.