ഭവനരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ ആരംഭകാലത്ത് തുടക്കമിട്ട പദ്ധതിയാണ് 'ലൈഫ് മിഷൻ'. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 മാർച്ച് 31 വരെ 2,62,131 വീടുകൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂർത്തിയാക്കിയതുകൂടി ഉൾപ്പെടുത്തി 2022 ഫെബ്രുവരി വരെയുള്ള കണക്ക്പ്രകാരം ആകെ 2,79,465 വീടുകളാണ് കേരളത്തിൽ 'ലൈഫി'ന്റെ ഭാഗമായി യാഥാർഥ്യമായത്.
അർഹരായ എല്ലാവർക്കും വീട് നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകൾ നിർമിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകൾ നിർമിക്കാനും ഭവനസമുച്ചയങ്ങൾ നിർമിക്കാനും ലൈഫ് മിഷൻ ലക്ഷ്യമിടുന്നുണ്ട്. വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കിവരുന്ന ഭവനപദ്ധതികൾ സംയോജിപ്പിച്ച് ആവിഷ്‌കരിച്ച ലൈഫ് മിഷൻ പദ്ധതി നിർവഹണത്തിൽ മുന്നോട്ടുവെക്കുന്നത് മികച്ച മാതൃകയാണ്.
പൂർത്തീകരിക്കാതെ കിടന്ന വീടുകളുടെ പൂർത്തീകരണം, ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി ലൈഫ് പദ്ധതി നടപ്പാക്കിയത്. അടുത്തഘട്ടം അപേക്ഷകരുടെ അർഹതാപരിശോധനയും പൂർത്തിയായിട്ടുണ്ട്.
പദ്ധതിവഴി ഒരു ലക്ഷം വീടുകൾ കൂടി നിർമിക്കാൻ 1771 കോടി രൂപ 2022-23ലെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ, വീടിനൊപ്പം ഉപജീവനമാർഗം കണ്ടെത്താനുള്ള പദ്ധതി കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ മനുഷ്യസ്‌നേഹികളുടെ സംഭാവനയെന്ന നിലയിൽ ഭൂരഹിതരായവർക്ക് ഭൂമി നൽകാൻ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി 'മനസ്സോടിത്തിരി മണ്ണ്' എന്ന പദ്ധതിയും ഈ സർക്കാർ വന്നശേഷം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. നിരവധി സുമനസുകൾ പദ്ധതിയിലേക്ക് ഭൂമി നൽകാൻ മുന്നോട്ടുവരുന്നുവെന്ന പ്രതീക്ഷയുളവാക്കുന്നതാണ്.
സംസ്ഥാനത്ത് എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ സമയബന്ധിതമായി മികച്ച ഏകോപനത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'ലൈഫ്'. 2.8 ലക്ഷത്തോളം വീടുകളും അതിലുമേറെ ജീവിതങ്ങൾക്ക് സന്തോഷവും പകർന്നുനൽകിയ പദ്ധതിയാണ് കൂടുതൽപേർക്ക് സുരക്ഷിതഭവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുനീങ്ങുന്നത്.
12/03/22 IPRD
#MikavodeMunnott #Urappodeunarvodekeralam #LifeMission