*വായന ചങ്ങാത്തം പരിപാടിയുടെ ആറ്റിങ്ങൽ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു*

കൊവിഡ് അടച്ചുപൂട്ടലിൽ സ്കൂൾ അധ്യയനം മുറിഞ്ഞ് പോയതിന്റെ വിടവ് നികത്താനാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി ആവിഷ്കരിച്ചത്. പരവൂർകോണം എൽപി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അജികുമാർ സ്വഗതവും, റിട്ട. പ്രൊഫസറും സ്കൂൾ വികസനസമിതി ചെയർമാനുമായ ഡോ.ഭാസിരാജ് അധ്യക്ഷതയും വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജടീച്ചർ, കൗൺസിലർ കെപി. രാജഗോപാലൻ പോറ്റി, മുൻ ചെയർമാൻ എം.പ്രദീപ്, കവിയും മാധ്യമ പ്രവർത്തകനുമായ വിജയൻപാലാഴി, ബിആർസി ട്രൈനർ മായ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സൗമ്യ ചടങ്ങിന് നന്ദിയും പറഞ്ഞു.

സ്കൂൾ കാലഘട്ടം മുതൽ കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുകയും പുസ്തക വായന ജീവിതചര്യയാക്കി മാറ്റുകയുമാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യം. സ്കൂൾ അവധി കാലഘട്ടത്തിൽ പുസ്തക വായനയിലൂടെ കുട്ടികൾ സ്വായക്തമാക്കിയ കഴിവുകൾ അവരുടെ രചനയിലൂടെ തന്നെ അച്ചടിച്ച് ചെറു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും.

വായനാ ചങ്ങാത്തത്തിന് പുറമെ അറിവിന്റെ അക്ഷരമരം സൃഷ്ടിച്ചതും, കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ കൃതികളും ആശയങ്ങും അടങ്ങുന്ന ലേഖനങ്ങൾ കൊണ്ടലങ്കരിച്ചതും പരിപാടിയിൽ ഏറെ ശ്രദ്ധ നേടി. എൽഎസ്എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിനികളായ അനന്യയെയും, ശിവേന്ദുവിനേയും യോഗത്തിൽ ആദരിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ന്യായവിലക്ക് പ്രകൃതിദത്ത ദാഹശമനിയും, ലോഷനും അനുബന്ധ അണുനശീകരണ ഉൽപ്പനങ്ങളും സ്റ്റാളിലൂടെ ലഭ്യമാക്കുന്നു.

ഏകദേശം 90 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയത്തിൽ നിലവിൽ 155 കുട്ടികൾ പഠിക്കുന്നു. ഒരു കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിച്ചേർന്ന ഈ സ്ഥാപനം, പ്രാദേശിക ഭരണകൂടത്തിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിന് ഒടുവിലാണ് കുരുന്നുകളെക്കൊണ്ട് വീണ്ടും ഈ അക്ഷരമുറ്റം നിറഞ്ഞിരിക്കുന്നത്.