*എസ്എസ്എല്‍സി പരീക്ഷ ഇന്ന്‌ തുടങ്ങും*


തിരുവനന്തപുരം
സംസ്ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്‌ച ആരംഭിക്കും. മലയാളം ഉൾപ്പെടെയുള്ള ഒന്നാം ഭാഷ പേപ്പർ–- 1 ആണ്‌ ആദ്യദിനം. രാവിലെ 9.45ന്‌ വിദ്യാർഥികൾ പരീക്ഷാഹാളിൽ എത്തണം. 10ന്‌ പരീക്ഷ  ആരംഭിക്കും. ഏപ്രിൽ 29ന്‌ അവസാനിക്കുന്ന പരീക്ഷയ്ക്ക്‌ കേരളത്തിൽ 2943 കേന്ദ്രവും ഗൾഫിലും ലക്ഷദ്വീപിലും ഒമ്പതുവീതം കേന്ദ്രവുമാണുള്ളത്‌.
4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമുണ്ട്‌. വ്യാഴാഴ്‌ച ഹയർ സെക്കൻഡറി പരീക്ഷ ഇല്ല. ബുധനാഴ്‌ച ആരംഭിച്ച പ്ലസ്‌ടു പരീക്ഷ 71,000 പേർ എഴുതി. 40 ശതമാനം ഫോക്കസ്‌ ഏരിയക്ക്‌ പുറത്തുനിന്ന്‌ ചോദ്യം വന്നിട്ടും വലഞ്ഞില്ലെന്നും ആത്മവിശ്വാസത്തോടെ എഴുതാനായെന്നും വിദ്യാർഥികൾ പറഞ്ഞു.