അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി,കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: നിരക്കുവർധന ആവശ്യപ്പെട്ട് 7000-ത്തോളം സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. കെ.എസ്.ആർ.ടി.സി. കൂടുതൽ ബസുകൾ ഓടിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയാണ്.
കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. പരീക്ഷാസമയമായതിനാൽ പണിമുടക്കിൽനിന്നു വിട്ടുനിൽക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു.

അതേസമയം, ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകൾ പറയുന്നു.

ബസ് നിരക്കുവർധന: എൽ.ഡി.എഫ്. ചർച്ചയ്ക്കുശേഷം

ബസ്, ഓട്ടോ, ടാക്സി ചാർജ് വർധന ഇടതുമുന്നണി നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും. ബസിന്റെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താനാണു ധാരണ. കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയും കിലോമീറ്റർ നിരക്ക് 15 രൂപയുമാക്കി ഉയർത്താനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

നിരക്കുവർധന സമ്മതിച്ച് നാലുമാസമായിട്ടും നടപടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

തൃശ്ശൂർ: സ്വകാര്യബസ് നിരക്കുവർധന നടപ്പാക്കാമെന്ന് സമ്മതിച്ച് നാലുമാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് ബസ് ഉടമകളുടെ പ്രതിനിധികൾ.

കഴിഞ്ഞ നവംബർ ഒമ്പതിന് സ്വകാര്യ ബസ്സുടമകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നു. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ബസ്‌നിരക്ക് വർധനയും തത്ത്വത്തിൽ അംഗീകരിച്ചു. നവംബർ 10-ന് ചേർന്ന എൽ.ഡി.എഫ്. യോഗം ഇതിന് അനുമതിയും നൽകി. എന്നിട്ടും നിരക്ക് കൂട്ടാൻ നടപടിയായിട്ടില്ല.

ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് ബസ് സർവീസുകൾ നിർത്തിവെക്കുന്നതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.ഐ. പ്രദീപ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ജില്ലാ പ്രസിഡന്റ് കൃഷ്ണകിഷോർ എന്നിവർ അറിയിച്ചു