അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്ന പ്രതിക്ക്‌ ജീവപര്യന്തവും പിഴയും

കോട്ടയം:ജോലിക്ക് പോകാന്‍ പറഞ്ഞതിന്റെ വൈരാ​ഗ്യത്തില്‍ അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്ന കേസില്‍ പ്രതിക്ക്‌ ജീവപര്യന്തവും പിഴയും.കൈപ്പുഴ മേക്കാവ്‌ അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭര്‍ത്താവ്‌ ആര്‍പ്പൂക്കര അത്താഴപ്പാടം നിഷാദ് (35)നെ ശിക്ഷിച്ചത്.

ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയുടെ വിധി. 2019 ഫെബ്രുവരി 19നാണ്‌ ശ്യാമളയെ നിഷാദ് കൊലപ്പെടുത്തിയത്. വിദേശത്ത്‌ ജോലി ചെയ്യുകയായിരുന്ന ശ്യാമള നാട്ടിലെത്തിയതിന് ശേഷം ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്കുപറഞ്ഞു. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിലേക്ക് എത്തിച്ചത്.

രാത്രിയില്‍ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലെ ഉലക്കകൊണ്ട്‌ തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന്‌ രാവിലെ ഇയാള്‍ ഭാര്യയേയും കൂട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസികരോഗത്തിന്‌ ചികിത്സ തേടാന്‍ പോയി. ഇവിടെ വെച്ച്‌ പ്രതിയുടെ ഭാര്യ അടുത്ത വീട്ടിലേയ്ക്ക് മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ശ്യാമളയ്ക്ക് മൊബൈല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

ഫോണുമായി ചെന്ന പെണ്‍കുട്ടിയാണ്‌ ശ്യാമള രക്‌തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്‌. സാഹചര്യത്തെളിവിന്റേയും ശാസ്‌ത്രീയ തെളിവിന്റേയും അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. വിസ്‌താരവേളയില്‍ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു.