തിരുവനന്തപുരം: രാജ്യം കണ്ട ബഹിരാകാശ സ്വപ്‌നങ്ങളെയെല്ലാം ഓർമിപ്പിക്കും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സ്‌പേസ് മ്യൂസിയം. ആകാശത്തെ എത്തിപ്പിടിക്കുന്നതിനെപ്പറ്റിയും ഭൂമിക്ക് അപ്പുറമുള്ള ലോകത്തെപ്പറ്റിയും സ്വപ്‌നം കണ്ട ഒരു കൂട്ടം ശാസ്ത്രജ്ഞർ രാജ്യത്തിന് നൽകിയ സംഭാവനകൾ കാഴ്ചക്കാർക്ക് അനുഭവിച്ചറിയാം. ഫെബ്രുവരി 21-നാണ് നവീകരിച്ച സ്‌പേസ് മ്യൂസിയം ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
1962-വരെ ഒരു സാധാരണ മത്സ്യഗ്രാമം മാത്രമായിരുന്നു തുമ്പ. ഭൂമിയുടെ കാന്തികരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെയാണ് തുമ്പ രാജ്യത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ ഭാഗമാകുന്നത്. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷൻ എന്ന് പേരിട്ട കേന്ദ്രം സ്ഥാപിക്കാൻ അന്ന് തുമ്പ സ്വദേശികൾ വിട്ടുനൽകിയ സെന്റ് മേരി മഗ്ദലിൻ പള്ളിയിലാണ് ഇപ്പോൾ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ പൗരാണികതയും നിർമാണ ഭംഗിയും അതുപോലെ നിലനിർത്തിയാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. 1963 നവംബർ 21ന് സെന്റ് മേരി മഗ്ദലിൻ പള്ളിമുറ്റത്തുനിന്ന് വിക്ഷേപിച്ച രാജ്യത്തിന്റെ ആദ്യ റോക്കറ്റ് മാതൃക നൈക് അപ്പാഷെ മുതൽ വിവിധ സാറ്റലൈറ്റുകൾ, പി.എസ്.എൽ.വി, ജി.എസ്.എൽ.വി. മാതൃകകളെല്ലാം ഇവിടെയുണ്ട്.
വിക്ഷേപണങ്ങൾക്കും ബഹികാരാശ യാത്രകൾക്കും സഹായിക്കുന്ന ഉപകരണങ്ങൾ, സാറ്റലൈറ്റുകളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള വിശദീകരണങ്ങൾ, മറ്റ് ബഹിരാകാശ കേന്ദ്രങ്ങളെപ്പറ്റിയുള്ള ചിത്രീകരണങ്ങൾ, ശാസ്ത്രജ്ഞരെപ്പറ്റിയുള്ള കുറിപ്പുകൾ എന്നിവയും ഇവിടെയുണ്ട്. മ്യൂസിയത്തിലെ കാഴ്ചകളുടെ ചരിത്രവും പ്രവർത്തനങ്ങളും വിശദീകരിക്കാൻ ജീവനക്കാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ പുറത്തുള്ള പഴയ ഗ്രോട്ടോയുടെ സമീപം സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പി.എസ്.എൽ.വി, ജി.എസ്.എൽ.വി. മാതൃകകളും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നതാണ്. വിക്ഷേപണ വാഹനത്തിന്റെ യഥാർത്ഥ വലിപ്പത്തിലാണ് ഈ മാതൃകകൾ നിർമിച്ചിരിക്കുന്നത്.
മ്യൂസിയം സന്ദർശനത്തിന് 0471 2564292 എന്ന നമ്പറിലോ ao pro@vssc.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ചരിത്രം പറയും സെന്റ് മേരി മഗ്ദലിൻ പള്ളി
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ ചരിത്രം ആരംഭിച്ചത് സെന്റ് മേരി മഗ്ദലിൻ പള്ളിയിൽ നിന്നാണ്. സ്ഥലം വിട്ടുനൽകണമെന്ന ആവശ്യവുമായി വിക്രം സാരാഭായ് അന്നത്തെ ബിഷപ്പ് പീറ്റർ ബർണാർഡ് പെരേരയെ സമീപിച്ചു. മടിയൊന്നുമില്ലാതെ പള്ളിയും സ്ഥലവും വിട്ടുനൽകാൻ അദ്ദേഹം സമ്മതിച്ചു. തുമ്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളും ഭൂമി വിട്ടുകൊടുത്തു. പള്ളി അങ്ങനെ തന്നെ നിലനിർത്താമെന്ന് അധികൃതരും തീരുമാനിച്ചു