മീഡിയവണ്‍ ചാനലിൻ്റെ സംപ്രേഷണ വിലക്ക്​ തുടരും,കേന്ദ്ര നടപടി ഡിവിഷന്‍ ബെഞ്ച്​ ശരിവച്ചു

കൊച്ചി:മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്​ ശരിവെച്ചു.കേന്ദ്ര നടപടി നേരത്തെ സിംഗിള്‍ ബെഞ്ച്​ ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജികള്‍ ഡിവിഷന്‍ ബെഞ്ച്​ തള്ളി.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്‍കിയ അപ്പീല്‍ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്​.

2021 സെപ്റ്റംബര്‍ 29 വരെയാണ് ചാനലിന് സംപ്രേഷണ ലൈസന്‍സ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് ചാനല്‍ അപേക്ഷ നല്‍കി. എന്നാല്‍, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാന്‍ മതിയായ കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാര്‍ത്താവിനിമയ-സംപ്രേഷണ മന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടിസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടിസില്‍ മറുപടിയും നല്‍കി.

എന്നാല്‍, ഒരു മുന്നറിയിപ്പുമില്ലാതെ ജനുവരി 31ന് ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കി മന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. പിന്നാലെ ചാനല്‍ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്ര ഉത്തരവ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.

ഫെബ്രുവരി രണ്ടിന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂനിയനും(കെ.യു.ഡബ്ല്യു.ജെ) ചാനല്‍ ജീവനക്കാരും കോടതിയില്‍ വിവിധ ഹരജികള്‍ സമര്‍പ്പിച്ചു.

ഫെബ്രുവരി എട്ടിന് ഹർജികള്‍ തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നു. മീഡിയാവണ്‍ ചാനലിന്‍റെ സംപ്രേഷണ അനുമതി റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് എന്‍. നഗരേഷ് ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കെ.യു.ഡബ്ല്യു.ജെയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഹർജിക്കാർക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് കോടതിയില്‍ ഹാജരായത്.