പാർക്ക്‌ ചെയ്യാൻ സ്ഥലമില്ല : അഞ്ചുതെങ്ങ് - പൊഴിയൂർ ബസ് സർവ്വീസ് കായിക്കരവരെ നീട്ടി.

തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിയ്ക്കുവാൻ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച KSRTC ബസ് സർവ്വീസ് കായിക്കരയിലേക്ക് നീട്ടി.

അഞ്ചുതെങ്ങ് ജെൻക്ഷനിൽ പാർക്കിങ്ങ് സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്നാണ് സർവ്വീസ് കായിക്കരെ വരെ നീട്ടിയതെന്നാണ് സൂചന.

അഞ്ചുതെങ്ങിൽ പാർക്കിങ്ങിനും വാഹനം തിരക്കാനുമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്  അവസാന ട്രിപ്പ്കൾ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പെട്ടെന്നുള്ള ഈ നടപടി.

പാർക്കിങ്ങിനും ബസ് ജീവനക്കാരുടെ പ്രാഥമിക ആവിശ്യങ്ങളും കണക്കിലെടുത്താണ് അധികൃതർ ഇടപെട്ട് ട്രിപ്പ് കായിക്കരവരെ നീട്ടിയതെന്നാണ് സൂചന.

എന്നാൽ സർവ്വീസ് നീട്ടിയതോടെ മണ്ണാക്കുളം, മാമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉർവ്വശി ശാപം ഉപകാരമായ അവസ്ഥയാണ്. അധികൃതരുടെ പുറകെ പോയ് വർഷങ്ങൾ കാത്തിരിക്കാതെ തന്നെ സർവ്വീസ് നീട്ടിയതിൽ പ്രദേശവാസികൾ സന്തോഷത്തിലാണ്.