പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങൾ,ഒരു പിപ്പിടിവിദ്യയും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ ന്യായങ്ങൾ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും വിഷമിപ്പിക്കാനല്ല സർക്കാരിന്റെ തീരുമാനം. ഗ്രാമങ്ങളിൽ നാലിരട്ടിയാണ് നഷ്ടപരിഹാരം നൽകുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സർക്കാർ നിൽക്കുന്നത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്. സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സിൽവർലൈൻ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റായ എതിർപ്പുകൾക്ക് വഴങ്ങണോ എന്ന് ചോദിച്ചാൽ വേണ്ടെന്ന് ജനം പറയും. സങ്കുചിത രാഷ്ട്രീയത്തിനു വേണ്ടിയല്ല, നാടിന്റെ വികസനത്തിനായാണു നിൽക്കേണ്ടത്. സ്വകാര്യമായി ചോദിച്ചാൽ കോൺഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയും. ഒരു പിപ്പിടിവിദ്യയും ഇങ്ങോട്ടു കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.