പകരക്കാരനായി ഇറങ്ങിയ കവോറു മിറ്റോമയുടെ ഇരട്ട ഗോളുകളാണ് ജപ്പാന് ലോകകപ്പിലേക്കുള്ള വഴിയൊരുക്കിയത്. 89-ാം മിനിറ്റില്‍ പകരക്കാരനായി വന്ന മിറ്റോമ 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായി.
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. 1998ന് ശേഷം ജപ്പാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടുന്ന ആദ്യ വിജയമാണിത്. ജപ്പാന്റെ തുടര്‍ച്ചയായ ഏഴാം ലോകകപ്പ് പ്രവേശനമാണിത്.
അതേ സമയം മുന്‍ യൂറോപ്യന്‍ ചാമ്പ്യൻമാരായ ഇറ്റലി ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് തോറ്റതോടെയാണ് അസൂറികള്‍ ലോകകപ്പില്‍ നിന്നും പുറത്തായത്.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ പരാജയം. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രോജ്‌കോവിസ്‌കി നേടിയ ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് നാലുവട്ടം ലോകചാമ്പ്യൻമാരായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വീഡനോട് പ്ലേഓഫ് പരാജയപ്പെട്ട് റഷ്യന്‍ ലോകകപ്പില്‍ നിന്നും ഇറ്റലി പുറത്തായിരുന്നു. ഗോള്‍ ലക്ഷ്യമിട്ടുള്ള അസൂറികളുടെ 31 ഷോട്ടുകളാണ് മാസിഡോണിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നത്.
അതേസമയം പ്ലേ ഓഫ് മത്സരത്തിൽ തുർക്കിയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രതീക്ഷ സജീവമാക്കി.