നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാണ് ക്രൈംബ്രാ‍ഞ്ച് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകൻ പി.ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണു പുനരന്വേഷണത്തിനു വഴി തെളിച്ചത്.”

 ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിന്റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.

ഫോണുകളിൽ നിന്നു നശിപ്പിച്ചതായി കണ്ടെത്തിയ പല വാട്സാപ് ചാറ്റുകളും വോയ്സ് മെസേജുകളും ഫൊറൻസിക് വിദഗ്ധരുടെ സഹായത്താൽ വീണ്ടെടുത്തു. ബാലചന്ദ്രകുമാർ പൊലീസിനു കൈമാറിയ വിഡിയോ, ഓഡിയോ തെളിവുകൾ, ദിലീപ് മുംബൈയിലെ ലാബിൽ നിന്നു മായ്ച്ച 2 ഫോണുകളിലെ വിവരങ്ങൾ, ഹാക്കർ സായ്ശങ്കർ വിവരങ്ങൾ നശിപ്പിച്ച നശിപ്പിച്ച ഫോണുകളിൽ നിന്നു വീണ്ടെടുത്ത തെളിവുകൾ, സായ്ശങ്കർ അന്വേഷണ സംഘത്തിനു കൈമാറിയ വിവരങ്ങൾ തുടങ്ങി ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.