വർക്കല : കരുനിലക്കോട് ഉത്സവസ്ഥലത്ത് നടന്ന സംഘർഷത്തെത്തുടർന്ന് അക്രമിസംഘം റോഡിലിട്ട് കാർ കത്തിച്ചനിലയിൽ. കരുനിലക്കോട്-പൊയ്ക റോഡിൽ കരുനിലക്കോട് ജങ്ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കാർ കത്തുന്നനിലയിൽ കണ്ടത്.
അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. കണ്ണൂർ തലശ്ശേരി ചൊക്ലി സ്വദേശിയും ഞെക്കാട് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സജീബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. പുല്ലാന്നിക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കാർ കത്തിക്കലിൽ കലാശിച്ചത്. സംഘർഷത്തിൽ സജീബിനുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സജീബും പുല്ലാന്നികോട് സ്വദേശിയും ഇപ്പോൾ ഞെക്കാട് താമസിക്കുന്ന സിനുവും ഉൾപ്പെടുന്ന സംഘമാണ് ഞായറാഴ്ച കാറിൽ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ കരോക്ക ഗാനമേള നടക്കവേ ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ഗാനമേള നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ ക്ഷേത്രപ്പറമ്പിൽനിന്നു പുറത്തെത്തിയപ്പോൾ, ഇവരുടെ കാറിനു മുന്നിലായി മറ്റൊരു ബൈക്ക് ഇരിപ്പുണ്ടായിരുന്നു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട് കാറിനു സമീപമെത്തിയ സജീബും സിനുവും ബൈക്കിൽ വന്ന കരുനിലക്കോട് സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായി.
നാട്ടുകാർ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ അവിടെനിന്നു സ്ഥലംവിട്ടു. ഇതോടെ സംഘം കാറിൽ ഇവരെ പിന്തുടർന്ന് മാവിള ഭാഗത്ത് തടഞ്ഞ് വീണ്ടും ഇരുകൂട്ടരുമായി സംഘർഷമുണ്ടായി. ഈ സമയം പോലീസ് എത്തുകയും സ്ഥലത്തുണ്ടായിരുന്നവരെ വിരട്ടിയോടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഓടിപ്പോയതോടെ സജീബ് ഒറ്റയ്ക്ക് കാറുമായി അവിടെനിന്നും പോയി. ബൈക്ക് യാത്രക്കാർ മറ്റൊരുവഴിയിലൂടെ എത്തുമ്പോൾ കാറുമായി സജീബ് ഇവരുടെ മുന്നിൽപ്പെട്ടു. ഇതോടെ ബൈക്കിൽ വന്നവർ കാർ തടഞ്ഞ് സജീബിനെ മർദിച്ചു. മർദനമേറ്റ സജീവ് ഓടിരക്ഷപ്പെട്ട് ഒരുവീട്ടിൽ അഭയം തേടി. ഇതിനുശേഷമാണ് കാർ കത്തിയനിലയിൽ കണ്ടത്. സമീപവാസികളാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. വർക്കല പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്