*ഇടവ ഓടയം മാന്തറ കടൽത്തീരത്ത് സർക്കാർ ഭൂമി കൈയേറി അനധികൃത കെട്ടിട നിർമ്മാണം*

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം - മാന്തറ കടപ്പുറത്ത് തീരദേശപരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തി അധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളവും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനെന്ന വ്യാജേന ചിലർ കെട്ടിടം നിർമ്മിക്കുന്നതെന്നാണ് പരാതി. കടലിനും കായലിനും ഇടയിലുള്ള അതീവ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കുന്ന പ്രദേശത്താണ് അനധികൃത നിർമ്മാണം പുരോഗമിക്കുന്നത്.
കടൽത്തീരത്ത്‌ നിന്ന് 20 മീറ്റർ മാത്രം അകലത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. തീരദേശ പരിപാലന നിയമപ്രകാരം 200 മീറ്റർ മാറി മാത്രമേ നിർമ്മാണം നടത്താൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. അനധികൃത നിർമ്മാണം നിറുത്തിവയ്‌പിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ, വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രഘുനാഥൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ, ഹിന്ദു സേന സംസ്ഥാന പ്രസിഡന്റ് സുഭാഷ് വിശ്വനാഥൻ, പരിസ്ഥിതി പ്രവർത്തകനായ അഡ്വ. മനോജ് കുമാർ എന്നിവർ ആവശ്യപ്പെട്ടു