കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുൻപ് ഉദ്യോഗസ്ഥർ സ്ഥാപിച്ചത്. കുഴിയാലിപ്പടി ഭാഗത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അതിരടയാള കല്ലുകൾ സ്ഥാപിച്ചത്. സർവേക്കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞതോടെ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പിഴുത കല്ലുകളുമായി മാർച്ച് നടത്താൻ പോവുകയാണെന്നും പ്രതീകാത്മകമായി വില്ലേജ് ഓഫീസിന് മുന്നിൽ കല്ലിടുമെന്നുമാണ് സമരക്കാർ പറയുന്നത്.
എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ പറയുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നത് റവന്യു വകുപ്പിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിടുന്നത്. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സർക്കാർ നയമല്ല. സാമൂഹിക ആഘാതപഠനം പദ്ധതിക്ക് എതിരായാൽ കല്ലെടുത്ത് മാറ്റും. അതിരടയാള കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.