എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നീക്കങ്ങളെ കുറിച്ച് കൂടിയാലോചനകൾ ആം ആദ്മി പാർട്ടിയും തുടങ്ങി. എന്നാൽ സർവേ ഫലങ്ങൾക്ക് അപ്പുറമുള്ള സാധ്യതകളാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോൺഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാൽ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. യു പി, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ ഗോവയിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്. ഡി കെ ശിവകുമാറിനൊപ്പം കർണാടകയിൽ നിന്നുള്ള ആറ് നേതാക്കൾ കൂടി ഗോവയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുന്നത് വരെ ഡി കെ ശിവകുമാറും സംഘവും ഗോവയിൽ തുടരുമെന്ന് കോൺഗ്രസ് ക്യാമ്പ് വ്യക്തമാക്കി.ഗോവയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഡി കെ ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി അകാലിദൾ നേതാവ് സുഖ്ബീർ സിങ്ങ് ബാദൽ. പഞ്ചാബിൽ പൂർണ വിജയപ്രതീക്ഷയിലാണെന്ന് സുഖ്ബീർ സിങ്ങ് ബാദൽ പറഞ്ഞു . സുഖ്ബീർ സിങ്ങ് ബാദലിനെ മുൻ നിർത്തിയായിരുന്നു ശിരോമണി അകാലിദള്ളിന്റെ പഞ്ചാബിലെ പ്രചരണം.
അതിനിടെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ അനധികൃതമായി മാറ്റുന്നുവെന്ന സമാജ്‌വാദി പാർട്ടിയുടെ ആരോപണം വൻ വിവാദത്തിന് വഴിവച്ചു. പിന്നാലെ വാരാണസിയിലെ ഇവിഎമ്മു-കളുടെ നോഡൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മേൽനോട്ടം വഹിക്കാൻ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറെ മീററ്റിലും ബീഹാർ സിഇഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് സീറ്റായ വാരാണസിയിലും സ്പെഷൽ ഓഫീസറായും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു