4,828 പേരിൽ സെക്രട്ടേറിയറ്റിലെത്തിയത് 32 പേർ,സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന് എതിരായ പൊതുപണിമുടക്കിന്റെ ആദ്യ ദിനം സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില കുറവ്.32പേരാണ് ഇന്ന് ജോലിക്കെത്തിയത്. ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാലാണ് ഹാജര്‍ നില ഇത്രയും താഴേക്ക് പോയത്.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാന്‍ ആവശ്യപ്പെട്ടു.

പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.