പാവങ്ങളുടെ പടത്തലവൻ എകെജി എന്ന എകെ ഗോപാലൻ ഓർമയായിട്ട് ഇന്ന് 45 വർഷം തികയുന്നു. എന്നും സാധാരണകർക്കൊപ്പം നിന്ന നേതാവാണ് എകെജി. കർഷക സമരങ്ങളിൽ അദ്ദേഹം തൻ്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി.എകെജി എന്ന മൂന്ന് അക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നു. അദ്ദേഹത്തെ ഓർക്കാത്ത ദിനങ്ങൾ കേരളത്തിന് പൊതുവിലും ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് വിശേഷിച്ചും ഉണ്ടാകാറില്ല. മാതൃരാജ്യത്തിന്റെ അടിമത്തത്തിനെതിരെ വീറോടുകൂടി, സ്വാതന്ത്ര്യാനന്തര ഭാരതത്തിലാകട്ടെ ജനങ്ങൾ അഭിമാനത്തോടെ ജീവിക്കുന്നതിനുവേണ്ടി വിശ്രമരഹിതമായി പോരാടി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായി. കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ എത്തി. തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ചുവടുമാറ്റം.താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എകെജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനുമാത്രമല്ല, നവോത്ഥാന പ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങൾ നയിക്കുകയും ആ കൊടുങ്കാറ്റിൽ ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി.തുടർച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എകെജി 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിനൊപ്പം ആയിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തതിന്റെ പേരിൽ എകെജിയെ ജയിലിലടച്ചു. സഹകരണ പ്രസ്ഥാനങ്ങൾക്ക് എകെജി നേതൃത്വം നൽകി. 1940ൽ തുടങ്ങിയ ഇന്ത്യൻ കോഫി ഹൗസ് എകെജിയുടെ ആശയമാണ്. സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവർഗ്ഗത്തിന് സമർപ്പിക്കുകയും ചെയ്ത എകെജി 1977 മാർച്ച് 22 ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അത് അടിച്ചമർത്തപ്പെട്ടവർക്കും അരികുചേർക്കപ്പെട്ടവർക്കും നികത്താനാവാത്ത നഷ്ടമായി.
മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ നേതാവായിരുന്നു എകെജി. സമരതീക്ഷ്ണമായ യൗവനമായിരുന്നു എന്നും എകെജി. ആ ജീവിതം നമുക്കെന്നും പ്രചോദനമാണ്.