*ഏറെ ദുരൂഹത സൃഷ്ടിച്ച വ്യാപാരിയുടെ മരണം വാഹനാപകടം*കാർ ഓടിച്ചിരുന്ന പോങ്ങ നാട് കുന്നുംപുറത്ത് വീട്ടിൽ സജി (42) പോലീസ് കസ്റ്റടിയിൽ

ഏറെ ദുരൂഹത സൃഷ്ടിച്ച വ്യാപാരിയുടെ മരണം വാഹനാപകടമെന്ന് കിളിമാനൂർ പൊലീസ്. ഈ മാസം ഇരുപത്തി ഒന്നാം തീയതി രാത്രി 10.30 ഓടെ ഞാവേലിക്കോണം പുളിമൂട് റോഡിൽ പാറയിൽക്കട എന്ന സ്ഥലത്ത് വെച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ ചന്തയിലെ വ്യാപാരിയും കല്ലറ ചെറുവാളം ആതിര ഭവനിൽ മണികണ്ഠൻ (45) മരണമടയുകയും ചെയ്തു. ഈ അപകടം കൊലപാതകമാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ ആറ്റിങ്ങൽ ഡി.വൈ എസ്.പി സുനീഷ് ബാബുവിൻ്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ് എസ്.ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പൊലീസ് അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മരണമടഞ്ഞ മണികണ്ഠൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഒരു സൈലോ കാർ വന്നിടിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് കാറിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും അതിൽ യാത്ര ചെയ്തവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ കാർ ഓടിച്ചിരുന്ന പോങ്ങ നാട് കുന്നുംപുറത്ത് വീട്ടിൽ സജി (42) ഒളിവിൽ പോയതായി പൊലീസ് കണ്ടെത്തി.തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കർണാടകയിലേയ്ക്ക് പോകുന്നതായി മനസ്സിലാക്കുകയായിരുന്നു. എസ്-ഐ സവാദ് ഖാൻ സി.പി ഒ മാരായ ഷംനാദ് , റിയാസ് എന്നിവരടങ്ങുന്ന സംഘം ഇയാളെ കർണാടകയിലെ പുരൂർ റെയിൽവേ സ്‌റ്റേഷനു സമീപത്തുള്ള ക്യാട്ടേഴ്സിൽ നിന്ന് പിടികൂടുകയായിരുന്നു . കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി